
ലാറ്റിനമേരിക്കയില്‍ നിന്നും കഷ്ടിച്ച് ലോകകപ്പ് യോഗ്യത നേടിയ അര്‍ജന്റീന ഇതിന് പിന്നാലെ നടന്ന ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ 4-2 നായിരുന്നു നൈജീരിയ അര്‍ജന്റീനയെ മറിച്ചത്. മത്സരത്തിനിടയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിര താരം സെര്‍ജി അഗ്യൂറോ കുഴഞ്ഞ് വീണത് ടീമിനെയാകെ ആശങ്കപ്പെടുത്തുകയും ചെയ്തു.
കുഴഞ്ഞുവീഴും മുമ്പ് രണ്ടാം ഗോള്‍ നേടി താരം ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തിരുന്നു. 27 ാം മിനിറ്റില്‍ ആദ്യ ഗോള്‍ ബനേഗ നേടിയിരുന്നു. എന്നാല്‍ ഇഹീനാക്കോയിലുടെ കടം ഒന്നായി കുറച്ച് പകുതിക്ക് പോയ നൈജീരിയ മടങ്ങി വരവില്‍ ഇവോബിയുടെ ഇരട്ടഗോളില്‍ ലീഡ് നേടുകയും ഇഡോവു വിലൂടെ നാലാം ഗോളും കുറിച്ചു. ശാരീരികസ്വാസ്ഥ്യത തോന്നിയ അഗ്യൂറോയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തതായി അഗ്യൂറോയുടെ ക്ളബ്ബ് മാഞ്സ്റ്റര്‍ സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സെര്‍ജി അഗ്യൂറോയ്ക്ക് ബോധം നഷ്ടമായിരുന്നില്ല. പെട്ടെന്ന് തന്നെ ടീം അംഗങ്ങള്‍ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യ പകുതിയില്‍ തന്നെ ശാരീരിക ബുദ്ധിമുട്ട് തോന്നിയിരുന്ന താരം പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. അഗ്യൂറോയുടെ അസ്വസ്ഥത ആശങ്കപ്പെടുത്തിയ അര്‍ജന്റീന ടീമിന് പിന്നീട് നന്നായി കളിക്കാനും കഴിഞ്ഞില്ല. മറുവശത്ത് ലാറ്റിനമേരിക്കയിലെ മറ്റൊരു കരത്തുന്മാരായ ബ്രസീലിനെ ഇംഗ്ളണ്ടിന്റെ യുവരക്തം ഗോളടിക്കാതെ സമനിലയില്‍ കുടുക്കി. ബ്രസീല്‍ കളിയിലുടനീളം പന്ത് കൈവശം വെച്ചു കളിച്ചപ്പോള്‍ ഇംഗ്ളണ്ട് പ്രതിരോധത്തില്‍ ഊന്നിയ കളിയായിരുന്നു കാഴ്ച വെച്ചത്.




