തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എല്‍.) മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ കോച്ചായി കേരള ടീം മുന്‍ പേസര്‍ അഭിഷേക് മോഹന്‍ എസ്.എല്‍. നിയമിതനായി. കേരളത്തിനായി രഞ്‌ജി ട്രോഫി, സയിദ് മുഷ്‌താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ചുമതലയേല്‍ക്കുന്നത്. 2014-15 അണ്ടര്‍-23 സീസണില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ എന്ന നേട്ടം കൈവരിച്ച അഭിഷേക് അണ്ടര്‍-19 വിഭാഗത്തില്‍ രണ്ട് തവണ ദക്ഷിണ മേഖലയെ പ്രതിനിധീകരിച്ചു. ഇന്ത്യ അണ്ടര്‍-23 ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച പേസര്‍ക്കുള്ള പുരസ്‌കാരം രണ്ട് തവണ നേടിയ അദ്ദേഹം കെ.സി.എ. അണ്ടര്‍-16 ആണ്‍കുട്ടികളുടെ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസോസിയേറ്റ് ആയ അഭിഷേക് അവരുടെ ക്രിക്കറ്റ് ടീം അംഗം കൂടിയാണ്. 21-ന് ആലപ്പി റിപ്പിള്‍സുമായിട്ടാണ് ട്രിവാന്‍ഡ്രത്തിന്റെ ആദ്യ മത്സരം. അനുവദിച്ച 50 ലക്ഷം രൂപയും പൂര്‍ണമായി വിനിയോഗിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ 16 അംഗ ടീമിനെയാണ് ലേലത്തിലൂടെ ഫ്രാഞ്ചൈസി അണിനിരത്തുന്നത്.






Comments