
ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ ആരോപണ വിധേയനായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് തിരിച്ചടി. കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കഴിയും വരെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കാനും പാടില്ല. കോയമ്പത്തൂരില്‍ തന്നെ തുടരണം. വളരെ സുപ്രധാനമായ കേസാണിത്. ഈ ഘട്ടത്തില്‍ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കുന്നത് കേസിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഷഹീദ് ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് കൃഷ്ണദാസും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അതേസമയം, ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. സി.ബി.ഐ തന്നെ അന്വേഷിക്കണം. എന്നാല്‍ എന്തു കാരണത്താല്‍ സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. അച്ഛനും അമ്മയും ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. സംസ്ഥാനം ഈ ആവശ്യമുന്നയിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കി ഡി.ജി.പി തയ്യാറാക്കുന്ന ഒരു അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹര്‍ജി നാളത്തേക്ക് മാറ്റി.
സി.ബി.ഐയ്ക്ക് കോടതയില്‍ നിന്ന് ഇന്നും വിമര്‍ശനമുണ്ടായി. ഒരു കാരണവുമില്ലാതെ ഒരു കേസ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിക്കില്ല. ആ കാരണം സി.ബി.ഐ പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ അഭിഭാഷകന് അറിയിച്ചതിനെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.






