ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയിബയില്‍ ചേര്‍ന്ന കശ്മീരി ഫുട്‌ബോള്‍ താരം കീഴടങ്ങി. കഴിഞ്ഞ ആഴ്ച ലഷ്‌കറില്‍ ചേര്‍ച്ച് മജീദ് ഖാന്‍ സുരക്ഷാ സൈനികരുടെ മുന്‍പാകെ എത്തി കീഴടങ്ങുകയായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന മജീദ് ഖാന്‍ ഫുട്‌ബോള്‍ താരമായിരുന്നു. അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മജീദ് ഖാന്‍ ലഷ്‌കര്‍ വിട്ട് ഉദ്യോഗസ്ഥരുടെ മുന്‍പാകെ കീഴടങ്ങിയത്.
ഭീകര സംഘടനയില്‍ നിന്ന് തിരിച്ചു വരാനുള്ള മജീദിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി മേജര്‍ ജനറല്‍ ബി.എസ് രാജു പറഞ്ഞു. മജീദിദ് ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള എല്ലാവിധ സഹായവും സൈന്യം ചെയ്യുമെന്നും മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദം ഉപേക്ഷിച്ച് മടങ്ങിയെത്തിയ മജീദ് കുടുംബവുമായി ബന്ധപ്പെട്ടതായി കശ്മീര്‍ റേഞ്ച് ഐജി, മുനീര്‍ ഖാന്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആണ് മജീദ് ഖാന്‍ കീഴടങ്ങിയത്. ദക്ഷിണ കശ്മീരിലെ സുരക്ഷാ സൈനികരുടെ ക്യാംപിലേക്ക് ഇയാള്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ഇക്കാര്യത്തില്‍ സൈന്യം സ്ഥിരീകരണം നല്‍കിയിട്ടില്ല. അനന്ത്‌നാഗിലെ സര്‍ക്കാര്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നു മജീദ് ഖാന്‍.
മാതാപിതാക്കളുടെ ഏക മകനായിരുന്നു മജീദ് ഖാന്‍. മകനെ കാണാതായതിന് പിന്നാലെ തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് മജീദിന്റെ അമ്മ ആയിഷ ഏറെ വൈകാരികമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മജീദ് ഭീകര സംഘടനയില്‍ നിന്ന് മടങ്ങിയത്.






