
ന്യൂഡല്‍ഹി: ബ്ലൂ പ്രന്റിന് (വികസനരേഖ) പകരം ബ്ലൂഫിലിം (നീലചിത്രം) കാട്ടി ഗുജറാത്തില്‍ വിജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ വ്യക്തമാക്കി. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വികസനരേഖ അവതരിപ്പിച്ചാണ് ബി.ജെ.പി മത്സരിച്ചതും വിജയിച്ചതും. എന്നാല്‍ അധികാരത്തിലെത്തി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും താക്കറെ കുറ്റപ്പെടുത്തി.
ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാദ ലൈംഗിക വീഡിയോ പരാമര്‍ശിച്ചായിരുന്നു താക്കറെയുടെ വിമര്‍ശനം. എന്തിനാണ് മറ്റുള്ളവരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതെന്നും താക്കറെ ചോദിച്ചു.
രാഹുല്‍ ഗാന്ധിയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കളിയാക്കുന്ന ബി.ജെ.പി നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. രാഹുലിനെ നിങ്ങള്‍ കളിയാക്കുന്നതുപോലെ നിങ്ങളെ രാഹുല്‍ കളിയാക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി നേതാക്കള്‍ രോഷാകുലരാകുന്നതെന്നും അദ്ദേഹം ചോദിച്ചു.






