
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മൂന്ന് കമ്പനികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). പ്രിയഗോൾഡ് ബിസ്കറ്റ് നിർമാതാക്കളായ സൂര്യ ഫുഡ് ആൻഡ് അഗ്രോ, ദൊഡ്ല ഡെയറി, യുഇഐആർ ഓർഗാനിക് ഫുഡ്സ് എന്നീ കമ്പനികൾക്കെതിരെയാണ് നടപടി.
ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് സൂര്യ ഫുഡ് ആൻഡ് അഗ്രോയുടെ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ആരോഗ്യ-ശുചിത്വ വീഴ്ചകൾ കണ്ടെത്തി. ബിസ്കറ്റിൽ നാരിന്റെ ഉറവിടമായി കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി. തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളിൽ മൃഗങ്ങൾക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുമുണ്ടായിരുന്നു.
ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലും വീഴ്ചകൾ കണ്ടെത്തി. ഇതേത്തുടർന്ന് കമ്പനിയുടെ ലൈസൻസ് എഫ്എസ്എസ്എഐ സസ്പെൻഡ് ചെയ്തു. കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു.
ദൊഡ്ല ഡെയറിയുടെ ഫുൾ ക്രീം പാൽ സാമ്പിൾ പരിശോധനയിൽ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. പാലിൽ ഡിറ്റർജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും കൊഴുപ്പിന്റെ അളവ് നിശ്ചിത നിലവാരത്തേക്കാൾ കുറവാണെന്നും ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് കുറ്റകരമാണ്.
യുഇഐആർ ഓർഗാനിക് ഫുഡ്സ് വിൽപ്പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിക്കെതിരെയും നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.







Comments