
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ കാവ്യ മാരനും പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ ഡേറ്റിംഗിലാണെന്ന വാർത്തകൾക്ക് വിവാഹ വാർത്തയിലൂടെ സ്ഥിരീകരണം. ഇരുവരും ലാസ് വേഗാസിൽ ഒരു അത്താഴവിരുന്നിൽ പങ്കെടുത്ത ചിത്രങ്ങളായിരുന്നു ഇതുവരെ ഗോസിപ്പുകൾക്ക് കാരണമായിരുന്നത്. എന്നാൽ, ഇവർ വിവാഹിതരാവുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചതോടെ അവരുടെ കല്യാണത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുന്നു.
ഇരുവരും ഈ വർഷം നവംബറിൽ വിവാഹിതരാകുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 11-ന് ഗ്രീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായി വിവാഹം നടക്കുമെന്നാണ് സൂചന. നവംബർ 21-ന് ചെന്നൈയിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ 'ഐടിസി ഗ്രാൻഡ് ചോള'യിൽ വെച്ച് വലിയ രീതിയിൽ റിസപ്ഷൻ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് പ്രമുഖ നേതാക്കൾ, ബിസിനസ് ഗ്രൂപ്പ് തലവന്മാർ, ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി ജോസഫ് വിജയ്യും എം കെ സ്റ്റാലിനും പ്രമുഖരുടെ നിരയിൽ ഇടം നേടും. സിനിമാ ലോകത്തിന്റെ മാസ്മരികതയും കായിക ലോകത്തിന്റെ കരുത്തും നിറയുന്ന ആഘോഷമായിരിക്കുമിത്.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു. #AnirudhKavyaMaran എന്നൊക്കെയുള്ള ഹാഷ്ടാഗുകളിൽ ആരാധകർ ആശംസകൾ നേരുന്നുണ്ട്. "സൺറൈസേഴ്സ് ഹൈദരാബാദിന്റെ 'റോക്ക്സ്റ്റാർ' ഇനി യഥാർത്ഥ ജീവിതത്തിലെയും റോക്ക്സ്റ്റാർ ആണ്" എന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളുമാണ് എക്സ് (X) അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിറയുന്നത്.
24,000 കോടിയിലധികം ആസ്തിയുള്ള സൺ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ അവകാശിയാണ് കാവ്യ മാരൻ. ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ശൃംഖലകളിലൊന്നായ 'സൺ ഗ്രൂപ്പിന്റെ' സ്ഥാപകനും ചെയർമാനുമാണ് കാവ്യയുടെ പിതാവ് കലാനിധി മാരൻ. ടെലിവിഷൻ ചാനലുകൾ, റേഡിയോ സ്റ്റേഷനുകൾ, പ്രിന്റ് മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് പുറമേ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
അമ്മ കാവേരി മാരൻ സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബിസിനസ്സ് സ്ത്രീകളിൽ ഒരാളായി അറിയപ്പെടുന്ന അവർ, മീഡിയ മേഖലയിലെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പ്രമുഖയാണ്.
മുൻ കേന്ദ്ര മന്ത്രിയും ഡിഎംകെ (ഡിഎംകെ) നേതാവുമായ മുരസൊലി മാരൻ (കരുണാനിധിയുടെ സഹോദരിയുടെ മകനാണ്) കലാനിധി മാരന്റെ പിതാവാണ് (കാവ്യ മാരന്റെ മുത്തശ്ശൻ). മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ കലാനിധി മാരന്റെ സഹോദരനാണ്.
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന കുടുംബത്തിലെ അംഗമായ കാവ്യ ചെന്നൈയിലെ സ്റ്റെല്ലാ മാരിസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎപൂർത്തിയാക്കിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ്ടീമിന്റെ സിഇഒ എന്ന നിലയിലും സൺ മ്യൂസിക്കിന്റെ ചുമതലകളിലൂടെയും പൊതുവേദിയിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കാവ്യ മാരൻ.







Comments