
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ആദ്യം സംശയം പ്രകടിപ്പിച്ചത് ഇരയായ നടിയുടെ സഹോദരനെന്ന് റിപ്പോര്‍ട്ട്. പോലീസ് സമര്‍പ്പിച്ച 18 പേജുകള്‍ വരുന്ന പുതിയ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പള്‍സര്‍ സുനി പണം തട്ടാന്‍ വേണ്ടി ചെയ്തതാണെന്ന രീതിയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരന് ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം.
കേസില്‍ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.
കൊച്ചിയില്‍ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉള്‍പ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയില്‍ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
നഗ്നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയില്‍ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് വ്യക്തമായ നിര്‍ദേശം നല്കിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്.






