
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം കാണികളുള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കാണ്. മത്സരം കൊച്ചിയിലാണെങ്കില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങള്‍ക്ക് അറുപതിനായിരത്തില്‍പ്പരം കാണികള്‍ കളി കാണാന്‍ എത്തിയിരുന്നു. നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാണികളുടെ പങ്കാളിത്തം ബ്ലാസ്റ്റേഴ്സിന് ആവേശമാണ്. എന്നാല്‍ ഇത് ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ഹാവിയന്‍ സിപ്പി.
കലൂര്‍ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ നിരയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ടതോടെയാണ് സിപ്പി തന്റെ ആശങ്ക പങ്കുവച്ചത്. തേഡ് ടയറില്‍ ആരാധകര്‍ നിറഞ്ഞിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ പെട്ടന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള സംവിധാനം ആ നിരയില്‍ ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ അറുപതിനായിരം കാണികളെ വരെ ഉള്‍ക്കൊണ്ട കലൂര്‍ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഈ വര്‍ഷം കുറച്ചിരുന്നു. ഫിഫ അണ്ടര്‍ 17 ലോകകപ്പിനോട് അനുബന്ധിച്ചാണ് കപ്പാസിറ്റി കുറച്ചത്. 39000 ആയാണ് കപ്പാസിറ്റി കുറച്ചത്. സ്റ്റേഡിയം നവീകരിച്ച് ബക്കറ്റ് സീറ്റുകള്‍ നിരത്തിയാണ് ഇത് സാധ്യമാക്കിയത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് 29,000 സീറ്റുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.







Comments