
ചലച്ചിത്ര നാടകനടി തൊടുപുഴ വാസന്തി അന്തരിച്ചു
തൊടുപുഴ: ചലച്ചിത്ര നാടകനടിയായ തൊടുപുഴ വാസന്തി (65) അന്തരിച്ചു. ഗുരുതര രോഗങ്ങളെത്തുടര്‍ന്ന് തൊടുപുഴ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ച കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അര്ബ്ബുദമുള്പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു. നാല്പതു വര്‍ഷത്തിനിടെ നാനൂറ്റമ്പതോളം സിനിമകളില്‍ കഥാപാത്രങ്ങളായിട്ടുളള വാസന്തിയുടെ ഒടുവിലത്തെ മോഹവും രോഗം മൂലം 2010ല്‍ നിര്‍ത്തേണ്ടിവന്ന അഭിനയം തുടരണമെന്നതായിരുന്നു.
ഇടുക്കി ജില്ലയില്‍ മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സിനിമയ്ക്ക് പുറമെ 16-ലധികം ടെലിവിഷന്‍ പരമ്പരകളിലും 120-ഓളം നാടകങ്ങളിലും വാസന്തി വേഷമിട്ടു. നാടകനടനായ രാമകൃഷ്ണന് നായരാണ് അച്ഛന്. അദ്ദേഹത്തിന്റെ ബാലെ ട്രൂപ്പിലായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.
നടി ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം മംഗളം നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷെ ആരോടും പരിഭവിക്കാഞ്ഞ വാസന്ത ക്രച്ചസിലാണെങ്കിലും ഇനിയും അഭിനയിക്കാന്‍ കഴിയണേ എന്ന ആഗഹം ബാക്കി വച്ചാണ് വിടപറഞ്ഞത്..
നാടകത്തില്‍ നിന്നാണ് വാസന്തി സിനിമയിലെത്തിയത്. ഉദയായുടെ 'ഗുരുക്ഷേത്ര ധര്‍മക്ഷേത്ര' യായിരുന്നു ആദ്യ ചിത്രം. ലാല്‍ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി വേഷമിട്ടത്. നാലുവര്‍ഷം മുമ്പ് സിനിമാ നിര്‍മാതാവുകൂടിയായ ഭര്‍ത്താവ് രജീന്ദ്രന്നായര് കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഇവര്‍ വീട്ടില്‍ ഡാന്‍സ് പഠിപ്പിച്ചിരുന്നു. രോഗബാധിതയായതോടെ ഇതും നിലച്ചു. 'അമ്മ' സംഘടനയുടെ കൈനീട്ടമായിരുന്നു അടുത്തകാലത്തായി ഇവരുടെ വരുമാനം.






