
കൊച്ചി: വിപ്ലവഗാനങ്ങള്‍ക്കുപകരം സി.പി.എം. സമ്മേളനവേദിയില്‍ മുഴങ്ങുന്നത് ജിമിക്കി കമ്മല്‍ എന്ന തട്ടുപൊളിപ്പന്‍ ഹിറ്റ് പാട്ട്. സമ്മേളനം കൊഴുപ്പിക്കാനായി ലക്ഷങ്ങള്‍ പൊടിച്ച് ഗാനമേളയും ആഘോഷങ്ങളും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സി.പി.എം. സമ്മേളനങ്ങളാണ് പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും വേദിയായി മാറുന്നത്. ഉത്സവഛായയിലാണു പലയിടങ്ങളിലും സമ്മേളനങ്ങള്‍ നടക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാസമ്മേളനങ്ങളും അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണിപ്പോള്‍.
രക്തസാക്ഷി അനുസ്മരണം, റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, മറുപടി, അഭിവാദ്യം അര്‍പ്പിച്ച് പിരിയല്‍ ഇതൊക്കെയാണു സാധാരണയായി സമ്മേളനങ്ങളില്‍ നടക്കാറുണ്ടായിരുന്നത്. ഏരിയാ സമ്മേളനങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വിപ്ലവഗാനം മാത്രമായിരിക്കും ഇത്തരം യോഗങ്ങളുടെ ആഡംബരം. ജില്ലാസമ്മേളനങ്ങള്‍ മുതലാണു സാധാരണയായി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതും.
എന്നാല്‍ സമ്മേളനങ്ങള്‍ ജനശ്രദ്ധയാകര്ഷിക്കുംവിധം നടത്തണമെന്ന പുതിയ നിര്‍ദേശം വന്നതോടെയാണ് ഉത്സവഛായയിലേക്കു മാറിയത്. ആളുകളെ ആകര്‍ഷിക്കാന്‍ കലാപരിപാടികള്‍ നിര്‍ബന്ധമായി നടത്തണമെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. ലോക്കല്‍ സമ്മേളനങ്ങള്‍ പോലും ഗാനമേളയുടെ അകമ്പടിയോടെയാണു നടക്കുന്നത്. പ്രമുഖ ഗാനമേള ട്രൂപ്പുകളെയും, വ്യത്യസ്തമായ പരിപാടികളുമൊക്കെ സംഘടിപ്പിക്കാന്‍ മല്‍സരിക്കുകയാണ് എല്ലാവരും. ലക്ഷങ്ങള്‍ മുടക്കിയാണു പരിപാടികള്‍ വയ്ക്കുന്നത്. ജിമിക്കി കമ്മല്‍ പോലുള്ള സൂപ്പര്ഗാനങ്ങളാണു വേദിയില്‍ മുഴങ്ങുന്നത്.
രണ്ടുദിവസം നടക്കുന്ന സമ്മേളന വേദികളില്‍ രണ്ടുദിവസവും െവെകുന്നേരം പരിപാടികള്‍ സംഘടിപ്പിച്ചവരുമുണ്ട്. ഇടുക്കി ജില്ലയിലെ ഒരു ഏരിയാസമ്മേളനം നടന്നത് നാടന്‍പാട്ടിന്റെയും ഗാനമേളയുടെയും അകമ്പടിയോടെയാണ്. മൂവാറ്റുപുഴയ്ക്കു സമീപം ഒരു ഏരിയാസമ്മേളനത്തിനായി പാര്‍ട്ടി ഓഫീസും പരിസരവും അലങ്കാരബള്‍ബുകള്‍ കൊണ്ടു നിറച്ചാണു നേതാക്കളെ സ്വീകരിച്ചത്. ഇവിടെയുമുണ്ടായിരുന്നു പ്രമുഖ ഗ്രൂപ്പിന്റെ ഗാനമേള.
എന്നാല്‍ സമ്മേളനങ്ങള്‍ ആഡംബരത്തോടെ നടത്തുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളും ഉയരുന്നുണ്ട്. പല പരിപാടികളുടെയും രഹസ്യ സ്പോണ്‍സര്‍മാര്‍ സ്ഥലത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണെന്നാണ് ആക്ഷേപം. മേല്‍കമ്മിറ്റികളുടെ അജന്‍ഡ അനുസരിച്ചാണു സമ്മേളനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. സെക്രട്ടറിമാരെപ്പോലും മുന്‍കൂട്ടി നിശ്ചയിച്ചാണു പല സമ്മേളനങ്ങളും നടക്കുന്നതെന്നാണ് ആക്ഷേപമുയരുന്നുണ്ട്. പരാതി പറഞ്ഞാല്‍ സ്ഥാനം തെറിക്കുമെന്നതിനാല്‍ ആരും പരസ്യമായി പ്രതികരിക്കുന്നുമില്ല.






