
കൊച്ചി: നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ്വദേശിയായ അമീര്‍ ഉള് ഇസ്ലാമാണ് കേസിലെ ഏക പ്രതി.
അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന് വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്.
കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാനാണു പ്രോസിക്യൂഷന് ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയായിരുന്നു ആളൂരിന്റെ വാദം. 2016 ഏപ്രില്‍ 28 നു പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.
ഇതില്‍ 15 പേര് ഇതരസംസ്ഥാന തൊഴിലാളികളാണ്. വിചാരണവേളയില്‍ ജിഷയുടെ മാതാവ് രാജേശ്വരി പ്രതിഭാഗം വക്കീലിനെതിരേ കോടതി മുറിയില്‍ ബഹളംവച്ചിരുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന അമീര്‍ ഉള് ഇസ്ലാമിനെ ഇന്നു രാവിലെ 10.30 ന് കോടതിയില്‍ എത്തിക്കും. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും വിധികേള്ക്കാനെത്തുമെന്നു സൂചനയുണ്ട്.
പ്രതി അമീര്‍ ഉള് ഇസ്ലാം ജയിലില്‍ ശാന്തസ്വഭാവക്കാരന്‍. കേസില്‍ ഇന്നു വിധി ഉണ്ടാകുമെന്നറിഞ്ഞിട്ടും ഭാവഭേദമില്ല. കാക്കനാട് ജില്ലാജയിലിലെ ഒന്നരവര്‍ഷത്തെ താമസം ആളുടെ രൂപം മാറ്റി. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോള്‍ തൂക്കം 45 കിലോയായിരുന്നു. നിലവില്‍ ഭാരം 55 കിലോയായി. ജയിലില്‍ ആദ്യമൊക്കെ പീഡനം നേരിട്ടതായി അഭിഭാഷകനെ അമീര്‍ അറിയിച്ചിരുന്നു. പിന്നീട് അഡ്വ. ബി.എ. ആളൂര്‍ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ, ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ മാറ്റമുണ്ടായി.
ആദ്യദിനങ്ങളില്‍ കടുത്ത മാനസികസമ്മര്ദമുണ്ടായിരുന്നു. കൗണ്‍സലിങ്ങിനു വിധേയനാക്കിയതോടെ ഇതില്‍ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളില്‍ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു. കേട്ടാല്‍ മനസിലാകും. ഇപ്പോള്‍ അല്പം മലയാളം സംസാരിക്കാമെന്നായിട്ടുണ്ട്.
പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ അഭിഭാഷകനോടു സംസാരിച്ചിരുന്നത്. കോടതിയില്‍ മൊഴിയെടുക്കാനും പരിഭാഷകനെ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയുടെ മാതൃഭാഷയില്‍ കോടതി നടപടികള്‍ ലഭ്യമാക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിഭാഗം അഭിഭാഷകന് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതിക്ക് ഹിന്ദി അറിയാവുന്നതുകൊണ്ട് ആ ഭാഷയില പരിഭാഷ മതിയെന്നു തീരുമാനിച്ചു.
ജയിലില്‍ അഭിഭാഷകനു പുറമേ പ്രതിയുടെ സഹോദരന് മാത്രമേ സന്ദര്ശിക്കാറുണ്ടായിരുന്നുളളൂ. ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും കാണാനെത്തിയില്ല. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 2016 ജൂണ്‍ 16 നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2016 ഏപ്രില്‍ 28 ന് െവെകിട്ട് 5.45 നും 6.15 നും മധ്യേയാണ് ജിഷ പെരുമ്പാവൂരിലെ കനാല്പ്പുറമ്പോക്കിലുള്ള വീട്ടില്‍ കൊല്ലപ്പെട്ടത്.






