
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. ബന്ദിപ്പോറയിലെ ബക്തൂറില് സൈനിക പോസ്റ്റിനു സമീപമാണു തിങ്കളാഴ്ച രാത്രിയില്‍ കനത്ത ഹിമപാതമുണ്ടായത്. ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികരെ കാണാതായി.
സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച തടസ്സമുണ്ടാക്കുകയാണ്. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജമ്മു കശ്മീരില്‍ ഗുല്‍മാര്‍ഗില്‍ മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
മഞ്ഞു തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. മഞ്ഞ് കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടര്‍ന്നാണിത്. പൂഞ്ചിനെയും രജൗരിയെയും ഷോപിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും ശ്രീനഗര്‍ ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണിത്.






