കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്നുണ്ടായേക്കും. ശിക്ഷ സംബന്ധിച്ച വാദം ഇന്നു നടക്കും. വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അമീര്‍ ഉള് ഇസ്ലാമിനെ കാത്തിരിക്കുന്നത് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വരെ. മരണം വരെ തൂക്കിലേറ്റല്‍ വരെ ശിക്ഷ നല്കാന് കഴിയുന്ന വകുപ്പുകളാണ് അമീറിനെതിരേയുള്ളത്.
പ്രതി അമീര്‍ ഉള് ഇസ്ലാംതന്നെയെന്നു കോടതി. അമീറിനെതിരേ ഭവനഭേദനം, ബലാത്സംഗം, കൊലപാതകം കുറ്റങ്ങള്‍ തെളിഞ്ഞതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. അനില്‍ കുമാര്‍ പറഞ്ഞു. കാക്കനാട്ടെ ജയിലിലായിരുന്ന അമീറിനെ കനത്ത സുരക്ഷാവലയത്തില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ വകുപ്പുകളും ശിക്ഷയും.ഐ.പി.സി. 449 (കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍): ഭവനഭേദനത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്ത കഠിനതടവാണു ശിക്ഷ. ജിഷ കേസില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനു വേണ്ടിയാണു ഭവനഭേദനമെന്നതിനാല് ജീവപര്യന്തം തടവുവരെ ലഭിക്കാം. ഒപ്പം പിഴയും. ഐ.പി.സി. 342 (രക്ഷപ്പെടാന്‍ സാധിക്കാത്തവിധം തടഞ്ഞുവയ്ക്കല്‍): ഒരു വര്‍ഷം വരെ തടവ്. 1000 രൂപ വരെ പിഴ. അല്ലെങ്കില്‍ രണ്ടും കൂടി.
ഐ.പി.സി. 376 (ബലാത്സംഗം): ഏഴു വര്‍ഷത്തില്‍ കുറയാത്ത കഠിനതടവ് മുതല്‍ ജീവപര്യന്തം വരെ. ഒപ്പം പിഴയും. ഐ.പി.സി. 376എ (ബലാത്സംഗത്തിനിടെ മരണത്തിനു കാരണമായ മുറിവേല്‍പ്പിക്കല്‍): 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവ്. അല്ലെങ്കില്‍ ജീവിതാവസാനം വരെ നീളാവുന്ന ജീവപര്യന്തം തടവ്. അല്ലെങ്കില്‍ വധശിക്ഷ. ഐ.പി.സി. 302 (കൊലപാതകം): വധശിക്ഷ. അല്ലെങ്കില്‍ മരണം വരെ നീളാവുന്ന ജീവപര്യന്തം തടവുശിക്ഷ. ഒപ്പം പിഴ. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു സമാനമായ കേസ് എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണു ജിഷക്കേസില്‍ അലയടിച്ചത്. ''ജസ്റ്റിസ് ഫോര്‍ ജിഷ'' എന്ന സാമൂഹികമാധ്യമ പ്രചാരണം കത്തിപ്പടര്‍ന്നു. നിര്‍ഭയ കേസില്‍ പ്രധാന പ്രതികള്‍ക്കു വിചാരണക്കോടതി വധശിക്ഷയാണു വിധിച്ചത്.
പ്രതിക്കൂട്ടില്‍നിന്നു കോടതിയുടെ മുന്നിലേക്കു വിളിച്ചുവരുത്തിയതിനു ശേഷമാണ് അമീര്‍ കുറ്റക്കാരനാണെന്നു കോടതി വ്യക്തമാക്കിയത്. അസം സ്വദേശിയായ അമീറിനുവേണ്ടി അഡ്വ. എന്‍.പി. ആശ കോടതിനടപടികള്‍ പരിഭാഷപ്പെടുത്തി. കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു അമീറിന്റെ മറുപടി. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍ (ഐ.പി.സി. 449), രക്ഷപ്പെടാന്‍ സാധിക്കാത്തവിധം തടഞ്ഞുവയ്ക്കല്‍ (342), ബലാത്സംഗം (376), ബലാത്സംഗത്തിനിടെ മരണകാരണമാകുന്ന തരത്തില്‍ മുറിവേല്‍പ്പിക്കല്‍ (376എ), കൊലപാതകം (320) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കല്‍, പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
2016 ഏപ്രില്‍ 28-നു രാത്രിയോടെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീര്‍ വീട്ടില്‍ കടന്നുകയറി ജിഷയെ ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും രാസപരിശോധനാ റിപ്പോര്‍ട്ടുകളുമാണു നിര്‍ണായകമായത്. കേസ് അപൂര്‍വത്തില്‍ അത്യപൂര്‍വമെന്നു കണക്കാക്കി പ്രതിക്കു പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന നിലപാടാണു പ്രോസിക്യൂഷന്റേത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഏറ്റവും ലഘുവായ ശിക്ഷയാകും പ്രതിഭാഗം ആവശ്യപ്പെടുക. പ്രോസിക്യൂഷനു വേണ്ടി എന്‍.കെ. ഉണ്ണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ. ആളൂരുമാണു കോടതിയില്‍ ഹാജരായത്. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ശിക്ഷാവിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു.
അമീറിനെ തൂക്കിക്കൊല്ലണമെന്നു രാജേശ്വരി ആവശ്യപ്പെട്ടു. ജിഷയുടെ പിതാവ് പാപ്പു കഴിഞ്ഞ മാസം മരിച്ചു. ബലാത്സംഗശ്രമം ചെറുത്ത ജിഷയെ അമീര്‍ െകെവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തിയതിനു ശേഷം മാനഭംഗപ്പെടുത്തിയെന്നും തുടര്‍ന്ന് രഹസ്യഭാഗങ്ങളിലടക്കം ക്രൂരമായി മുറിവേല്പ്പിച്ചെന്നുമാണു കുറ്റപത്രത്തിലെ ആരോപണം. അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസമാണു വാദം നടന്നത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. ഇന്നലെ തുറന്ന കോടതിയില്‍ അന്തിമവാദത്തിനു ശേഷമായിരുന്നു വിധി പ്രഖ്യാപനം.






