
വിശാഖപട്ടണം: ലങ്കക്കെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയച്ചു. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ഇതോടെ പരമ്പര നേടാന്‍ ഇരു ടീമിന് ഈ മത്സരം നിര്‍ണായകമാണ്.
പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പം നില്ക്കുന്നതിനാല് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിശാഖപട്ടണത്തിലെ പിച്ച് ബൗളിങ്ങിനെ അനുകൂലിക്കുന്നതാണ്. ഒരിക്കല്‍ മാത്രമാണ് ഇവിടെ സ്കോര്‍ 300 കടന്നത്. തീരദേശത്തെ കാലാവസ്ഥ ലങ്കക്കാര്‍ക്ക് ഏറെ പരിചിതവുമാണ്. പിച്ച് വരണ്ടതായതിനാല്‍ വേഗം കുറഞ്ഞതും സ്പിന്നിനെ അനുകൂലിക്കുന്നതുമായിരിക്കുമെന്നാണു ലങ്കന്‍ നായകന് തിസാര പെരേരയുടെ വിലയിരുത്തല്‍.
വിശാഖപട്ടണത്തു നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. 2016 ല്‍ നടന്ന മത്സരത്തില്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ജയത്തിന്റെ നട്ടെല്ല്. 2015 ഒക്ടോബറിനു ശേഷം നാട്ടില്‍ ഒരു പരമ്പര പോലും കൈവിട്ടിട്ടില്ലെന്ന 'അഹങ്കാര'വുമായാണ് ഇന്ത്യ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയില്‍ അവസാനം ഏകദിന പരമ്പര നേടിയത്.
ലങ്കയ്ക്ക് ഇന്ത്യയില്‍ ഇതുവരെ ദ്വിരാഷ്ട്ര പരമ്പര നേടാനായിട്ടില്ല. ഒന്‍പത് പരമ്പരകളില്‍ എട്ടിലും അവര്‍ തോറ്റു; ഒരെണ്ണം സമനിലയില്‍ പിരിഞ്ഞു.
ധര്‍മശാലയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ തോറ്റതോടെ ഇന്ത്യക്ക് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തേക്കു തിരിച്ചെത്താനാകില്ലെന്ന് ഉറപ്പായി. വിശാഖപട്ടണം ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണ്. ഇവിടെ നടന്ന ഏഴ് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണു തോറ്റത്.
ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താനിടയില്ലെന്നാണു സൂചന. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ നായകന് രോഹിത് ശര്‍മയും സംഘവും അതേ ആവേശത്തിലാണ്. എയ്ഞ്ചലോ മാത്യൂസ് കളിക്കുമെന്ന് ഉറപ്പാക്കിയതു ലങ്കന്‍ ടീമിന് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തില്‍ മാത്യൂസ് അപരാജിത സെഞ്ചുറി നേടിയിരുന്നു.
10 ഓവറില്‍ 106 റണ്‍ വഴങ്ങി ധാരാളിയായ പേസര്‍ നുവാന്‍ പ്രദീപ് ഇന്നു കളിക്കാനിടയില്ല. നിറംമങ്ങിയ ബാറ്റ്സ്മാന് ലാഹിരു തിരിമാനെയും നിര്‍ണായക മത്സരത്തില്‍ അവര്‍ കളിപ്പിക്കാനിടയില്ല. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ഏകദിനത്തില്‍ 10,000 റണ്ണെന്ന നേട്ടത്തോട് അടുക്കുകയാണ്. ഇന്നു സെഞ്ചുറിയടിക്കുകയാണെങ്കില് ഏകദിനത്തില്‍ 10,000 റണ്‍ നേടുന്ന 12ാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം ധോണിക്കു സ്വന്തമാകും.
ടീം: ഇന്ത്യ രോഹിത് ശര്‍മ (നായകന്), ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, എം.എസ്. വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹാല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, അജിന്‍ക്യ രഹാനെ, അക്ഷര്‍ പട്ടേല്‍, സിദ്ധാര്‍ഥ് കൗള്‍.
ടീം: ശ്രീലങ്ക തിസാര പെരേര (നായകന്), ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലകെ, ലാഹിരു തിരിമാനെ, അസേല ഗുണരത്നെ, സദീര സമരവിക്രമെ, നിരോഷന്‍ ഡിക്വെല, ധനഞ്ജയ ഡി സില്‍വ, എയ്ഞ്ചലോ മാത്യൂസ്, സചിത പതിരണ, സുരംഗ ലാക്മല്‍, നുവാന്‍ പ്രദീപ്, അകില ധനഞ്ജയ, ചതുരംഗ ഡി സില്‍വ, ദുഷ്മന്ത ചാമീര, കുശല്‍ പെരേര.






