
പാലക്കാട്: ചരക്ക്-സേവന നികുതിക്കും നോട്ട് നിരോധിക്കലിനുമെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും രംഗത്ത്. ജിഎസ്ടിയില്‍ കേന്ദ്രം വാഗ്ദാനം ചെയ്തതൊന്നും നടപ്പായില്ലെന്നും ഫലത്തില്‍ സംസ്ഥാനങ്ങള്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയുള്ളതായിരുന്നുവെന്നും ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവേകരഹിതമായാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്. അതിന്റെ ഫലമായി വിപണിയില്‍ പണം എത്തുന്നത് ഇല്ലാതായി. ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളര്‍ച്ച പിന്നോട്ടായെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി സമ്പ്രദായമായിരുന്നു ജിഎസ്ടി. കേന്ദ്രത്തില്‍ അധികാരം കേന്ദ്രീകരിക്കുന്നതിന് ആര്‍എസ്എസ് കൂടി മുന്‍കൈയെടുത്താണ് ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






