
കൊച്ചി: ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെ എന്‍.ഐ. എ ചോദ്യം ചെയ്യും. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന ടി. മന്‍സീത്, ഷഫ്വാന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഷെഫിന് ജഹാന് ഏജന്റുമായി സംസാരിച്ചതിന് തെളിവുണ്ടെന്ന് നേരത്തെ എന്‍.ഐ.എ വ്യക്തമാക്കിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. തിങ്കളാഴ്ച വിയ്യൂര്‍ ജയിലിലെത്തി ഇവരെ ചോദ്യം ചെയ്യാന്‍ കോടതി എന്‍.ഐ.എയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മന്‍സീത് തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെഫിന് ജഹാന് അംഗമായിരുന്നു.
അന്താരാഷ്ര്ട ഭീകര സംഘടനയായ ഐസിസ് ബന്ധമുള്ളവര്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ എട്ടു പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി.
2016 ഒക്ടോബറിലാണ് കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ പിടികൂടുന്നത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനെല്ലാം പുറമേ ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, എന്നിവരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍.ഐ.എ കണ്ടെത്തി.






