
ഭോപ്പാല്‍: രാജസ്ഥാനും, ഗുജറാത്തിനും പിന്നാലെ വിവാദ ചിത്രം പദ്മാവത് നു വിലക്ക് പ്രഖ്യാപിച്ച് മധ്യപ്രദേശും. രജപുത്ര രാഞ്ജിയായ പദ്മാവതിയുടെ കഥ പറയുന്ന വിവാദ ചിത്രം പദ്മാവത് മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമരന്തി ശിവ്രാജ് സിങ് ചൗഹാന് വ്യക്തമാക്കി. ചിത്രം ഈ മാസം 25 ന് പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് ചൗഹാന് വിലക്ക് വീണ്ടും പരസ്യമായി ഉറപ്പിച്ചത്.
ചിത്രം നിരോധിക്കുമോ എന്ന ചോദ്യത്തിന് എന്താണോ താന്‍ പറഞ്ഞത് അത് സംഭവിച്ചിരിക്കുമെന്ന് ചൗഹാന് മറുപടി നല്‍കുകയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് നടത്തിയ സംസ്ഥാന തല പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചൗഹാന്. പദ്മാവതി എന്നുഒ പേരിട്ടിരുന്ന ചിത്രം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പദ്മാവത് എന്നു പേരു മാറ്റി പ്രദര്‍ശനത്തിനനുമതി നല്‍കിയത്.
സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ചില ഭാഗങ്ങളിലും മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം രജപുത്ര സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ചൗഹാന് അറിയിച്ചത്. രജപുത്ര രാജ്ഞിയുടെ ആദരവിന് കോട്ടമുണ്ടാക്കുന്ന സീനുകള്‍ ഉണ്ടെന്നും, സത്യം വളച്ചൊടിച്ചുള്ള ഭാഗങ്ങളുണ്ടെന്നും ചൗഹാന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.






