
തിരുവനന്തപുരം : യാത്രക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കോര്പറേഷന് എംഡി പുറപ്പെടുവിച്ച ഉത്തരവ് അതേപടി നടപ്പിലാക്കിയ നിയമം തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്.ടി.സി മിന്നല്‍ ബസ് സര്‍വീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കെ.എസ്.ആര്.ടി.സിയിലെ എല്ലാ വിഭാഗം സംഘടനകളുടെയും തീരുമാന പ്രകാരമാണ് ജീവനക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവത്തില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ മിന്നല്‍ സര്‍വ്വീസ് ബഹിഷ്കരിക്കുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനും കണ്ടക്ടര്‍ അജീഷിനുമെതിരെയാണ് കോഴിക്കോട് ചോമ്പാല പോലീസ് കേസെടുത്തത്. യാത്രക്കാരിയായ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
അതേസമയം, പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന കാര്യം കോഴിക്കോട് സ്റ്റാന്റ് കഴിഞ്ഞ ശേഷം മാത്രമാണ് ജീവനക്കാര്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം. രാത്രിയാണെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിലല്ലാതെ മിന്നല്‍ ബസ് നിര്‍ത്തരുതെന്നാണ് ചട്ടം. ഇത് പാലിച്ച തങ്ങളെ കുറ്റക്കാരാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.






