
ക്രൈസ്റ്റ്ചര്‍ച്ച്: ആദ്യം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി, പിന്നാലെ ഇഷാന് പോറലിന്റെ ഉജ്വല ബൗളിംഗും. അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഫൈനലില്‍ കടന്ന ഇന്ത്യയുടെ പ്രകടനത്തെ ഇങ്ങിനെ പറയാം. തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇന്ത്യ 203 റണ്‍സിനാണ് പാകിസ്താനെ സെമിയില്‍ തകര്‍ത്തു വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 273 വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ വെറും 69 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തി.
ശുഭമാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത. 94 പന്തുകള്‍ നേരിട്ട അദ്ദേഹം ഏഴ് ബൗണ്ടറികളുമായി 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. പിന്നാലെ ഓള്‍റൗണ്ടര്‍ ഇഷാന് പോറലിന്റെയും ശിവ സിംഗിന്റെയും പരാഗിന്റെയും പന്തുകള്‍ക്ക് മുന്നില്‍ തലകുനിച്ച പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ വീണുപോയി. 18 റണ്‍സ് എടുത്ത രോഹാലി നസീറായിരുന്നു പാക് ഇന്നിംഗ്സിലെ കേമന്‍. 15 റണ്‍സെടുത്ത സാദ് ഖാന്, 11 റണ്‍സ് എടുത്ത മൊഹമ്മദ് മൂസയും ഒഴിച്ചാല്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല. 30 ഓവറില്‍ കഥ അവസാനിച്ചു.
പോറല്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവസിംഗും പരാഗും രണ്ടു വിക്കറ്റുകളും എഎസ് റോയിയും അഭിഷേക് ശര്‍മ്മയും ഒരോ വിക്കറ്റും വീഴ്ത്തി. ആറ് ഓവറില്‍ 17 റണ്‍സ് നല്‍കിയായിരുന്നു പോറല്‍ നാലുവിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു. നായകന് പൃഥ്വിഷായും മന്‍ജോത് കല്‍റയും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ഷായും കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. 15 ഓവറില്‍ 89 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 42 പന്തുകളില്‍ 41 റണ്‍സ് നേടി ഷാ റണ്ണൗട്ടായി. ഇല്ലാത്ത റണ്ണിനായി ഓടിയ ഇന്ത്യന്‍ നായകനെ മുഹമ്മദ് മൂസ പുറത്താക്കി. കല്‍റ 59 പന്തില്‍ 47 നും പുറത്തായി. അതിന് ശേഷമായിരുന്നു ശുഭമാന്റെ തകര്‍പ്പന്‍ പ്രകടനം വന്നത്.
ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞപ്പോള്‍ 20 റണ്‍സ് നേടിയ ദേശായിയും 33 റണ്‍സ് നേടിയ എ എസ് റോയിയും ശക്തമായ പിന്തുണ നല്കി. പരാഗ് (രണ്ട്), അഭിഷേക് ശര്‍മ്മ (അഞ്ച്), നാഗര്‍കോട്ടി (ഒന്ന്), ശിവം മാവി (10), ശിവസിംഗ് (ഒന്ന്), പോറല്‍ (ഒന്ന്) എന്നിങ്ങനെ ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ സ്കോര്‍. നാലു വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍ മുഹമ്മദ് മൂസയും മൂന്നു വിക്കറ്റ് നേടിയ അര്‍ഷദ് ഇഖ്ബാലുമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ചാമ്പ്യന്‍ പട്ടം നില നിര്‍ത്താനുള്ള കലാശ പോരാട്ടത്തിലേക്ക് ഇന്ത്യ എത്തിയത്.






