
ആരുമില്ലാത്തപ്പോള്‍ വീട്ടില്‍ വന്ന് നടത്തുന്ന തൊഴിലുടമയുടെ ശല്യത്തെക്കുറിച്ച് ഭര്‍ത്താവിനോട് പരാതി പറഞ്ഞതിന് വ്യാജമോഷണക്കേസില്‍ കുടുക്കി ക്രൂരമായ പോലീസ് മര്‍ദ്ദനമെന്ന് യുവതിയുടെ പരാതി. സാരമായി പരിക്കേറ്റ യുവതിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ പേരില്‍ പോലീസിനെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ മൂന്നാറില്‍ നിന്നുമാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത്. വനിതാക്കമ്മീഷന് യുവതി നല്കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
കുനിച്ചു നിര്‍ത്തിയും മലര്‍ത്തിക്കിടത്തിയും നെഞ്ചിലും പുറത്തും മര്‍ദ്ദിച്ചതിന് പുറമേ മകനും പോലീസുകാരും നോക്കി നില്‍ക്കേ വനിതാ പോലീസുകാര്‍ ഒളിക്യാമറ ആരോപിച്ച പരസ്യമായി യുവതിയുടെ തുണിയുരിയുകയും ചെയ്തതായി ആരോപണത്തില്‍ പറയുന്നു.
മൂന്നാര്‍ ആറ്റുകാട് താമസിക്കുന്ന ദമ്പതികളെയാണ് അന്വേഷണത്തിന്റെ മോഷണക്കേസിന്റെ പേരില്‍ മൂന്നാര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ചത്. ഇവര്‍ ഇടുക്കി പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്്. ആറ്റുകാടിലെ തോട്ടം നടത്തിപ്പുകാരനായ രാജയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ഏലക്കാട്ടില്‍ ജോലിക്ക് പോകുന്ന സമയത്ത് നടത്തിപ്പുകാരന് വീട്ടില്‍ എത്തി ഭാര്യയെ ശല്യം ചെയ്തിരുന്നു. ഇക്കാര്യം ഭാര്യ ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് ശമ്പളക്കാര്യം പറഞ്ഞ് ജോലി ഉപേക്ഷിക്കുകയും ചെയ്തു.
ഇതോടെ അഞ്ചുമാസം മുമ്പ് തന്റെ വീട്ടില്‍ നിന്നും 20,000 രൂപ കളവ് പോയതായി കാണിച്ച് രാജ പോലീസില്‍ പരാതി നല്കി. സ്ത്രീ പണം എടുത്തെന്ന് കുറ്റപ്പെടുത്തിയായിരുന്നു പരാതി. തുടര്‍ന്ന് തോമസ് എന്ന പോലീസുകാരന് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കുറ്റം സമ്മതിക്കാന്‍ പറഞ്ഞ് അസഭ്യം പറയുന്നത് പതിവായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ജനുവരി 26 ന് സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു.
കുനിച്ചു നിര്‍ത്തി ഇടിക്കുകയും മലര്‍ത്തിക്കിടത്തി വയറ്റിലും നെഞ്ചിലും ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിന് ശേഷം വസ്ത്രത്തിനുള്ളില്‍ ക്യാമറ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നും മൊത്തത്തില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് വനിതാപോലീസുകാരെ വിളിച്ചുവരുത്തി വാതില്‍ പോലും അടയ്ക്കാതെ തുണിയഴിപ്പിക്കുകയും ചെയ്തു. മകനും പോലീസുകാരും പുറത്ത് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഈ വസ്ത്രാക്ഷേപം. സ്റ്റേഷനില്‍ നടന്നത് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പോലീസുകാരന് ഭീഷണിയും മുഴക്കിയെന്നും പറഞ്ഞിട്ടുണ്ട്.






