
ചെന്നൈ: ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഇഞ്ചമ്പാക്കത്തുള്ള വ്യവസായി രാമചന്ദ്രനാണ് 80 ലക്ഷം രൂപയുടെ തട്ടിപ്പ് ദീപ നടത്തിയതായി പരാതി നല്‍കിയത്. തുടര്‍ന്ന് ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു തവണ 50 ലക്ഷം രൂപയും പിന്നീട് 30 ലക്ഷം രൂപ പലതവണകളായും കൈപ്പറ്റുകയായിരുന്നു. ദീപയുടെ രാഷ്ട്രീയ പ്രവേശം അടിതെറ്റുകയും മന്ത്രിയാകില്ലെന്ന് ഉറപ്പുമായതോടെ പണം തിരികെ ചോദിച്ചു. പക്ഷേ പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് രാമചന്ദ്രന് ആരോപിച്ചു.
എംജിആര്‍ അമ്മ ദീപ പേരവൈ എന്ന സംഘടനയുണ്ടാക്കി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ദീപ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഒപ്പം നല്‍കേണ്ട സത്യവാങ് മൂലം അപൂര്‍ണമാണെന്ന് ചൂണ്ടികാട്ടി വരണാധികാരി പത്രിക തള്ളി. ഇതോടെ ദീപയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ അവസാനിച്ചു. പിന്നീട് പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്ന ദീപ തനിക്കെതിരെ ശശികലയുടെയും ദിനകരന്റെയും ഭീഷണിയുണ്ടെന്നാരോപിച്ചാണ് ഒടുവില്‍ രംഗത്തെത്തിയത്.
പുതിയ പാര്‍ട്ടിയുടെ കാഞ്ചീപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാമെന്നും പിന്നീട് മന്ത്രിയാക്കാമെന്നും ദീപ വാഗ്ദാനം ചെയ്തതായി രാമചന്ദ്രന് പരാതിയില്‍ പറയുന്നു. ദീപ, ഭര്‍ത്താവ് മാധവന്, ഡ്രൈവര്‍ രാജന് എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയതെന്ന് ഇയാള്‍ പറഞ്ഞു. ഡ്രൈവര്‍ രാജയുടെ സാന്നിധ്യത്തിലായിരുന്നു 50 ലക്ഷത്തിന്റെ കൈമാറല്‍ എന്നും പറഞ്ഞു.






