
ദിമാപൂര്‍: എന്തു വില കൊടുത്തും ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെയും തോല്‍പ്പിക്കാന്‍ ഇടയലേഖനം ഇറക്കി പള്ളിയുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാന്റില്‍ ബിജെപി വന്‍ മുന്നേറ്റത്തിന് കച്ച മുറുക്കുമ്പോഴാണ് ക്രൈസ്തവ സഭ വോട്ടു ചെയ്യരുതെന്ന് തങ്ങളുടെ സമൂഹത്തിനോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാഗാലാന്റ് ക്രൈസ്തവസഭകളുടെ ഉയര്‍ന്ന സംഘടനയായ നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലാണ് ബിജെപിയെ പിന്തുണയ്ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും സഭാ വിശ്വാസികളോടും കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ നാഗാലാന്റിലും മേഘാലയയിലും അവര്‍ ആക്രമിക്കപ്പെട്ടത് ബിജെപി ഭരിച്ച 2015-17 കാലഘട്ടത്തില്‍ ആയിരുന്നെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ നശിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിക്ക വേണ്ടി ആള്ക്കാര് ഓടുന്നത് കാണുന്ന ദൈവം കരയുകയായിരിക്കുമെന്നും സഭാ ജനറല്‍ സെക്രട്ടറി എ ഫാ. സെലു കെയോ എഴുതി. തീവ്ര ഹിന്ദുത്വ ശക്തികള്‍ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപിയെന്ന രാഷ്ട്രീയ കക്ഷി നേതൃത്വം നല്കുന്ന കേന്ദ്രത്തിന് കീഴില്‍ വളരെ ശക്തി പ്രാപിച്ചെന്നും കത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത്തവണ ബിജെപി വലിയ സ്വാധീന ശക്തിയാണ്. അതുകൊണ്ടാണ് ശക്തമായി തന്നെ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസികളേയും അറിയിക്കേണ്ടി വന്നിരിക്കുകയാണ്. ഇത് നാഗാലാന്റിലെ മാത്രമല്ല രാജ്യം മുഴുവനുമുള്ള ക്രൈസ്തവരുടേയും പ്രശ്നമാണെന്നായിരുന്നു സെലുകേയോ പറഞ്ഞത്.






