
ന്യൂഡല്‍ഹി: പഞ്ചായത്തുകളിലെ ''പട്ടണ''ങ്ങളിലെ പാതയോര മദ്യശാലകളുടെ കാര്യത്തില്‍ തീരുമാനമെടക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിച്ചു സുപ്രീം കോടതി. സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധി നിഷ്കര്‍ഷിച്ച് 2015 ഡിസംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞജൂെലെയില് നഗരപരിധിയിലുള്ള മദ്യശാലകളെ പാതയോര നിയന്ത്രണത്തില്‍നിന്ന് സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. പുതിയ തീരുമാനത്തോടെ പൂട്ടുവീണ കേരളത്തിലെ ബാറുകള്‍ക്കും മദ്യവില്പനശാലകള്ക്കെല്ലാം ഇതോടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങി.
പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യവില്പന ശാലകള്‍ക്ക് െലെസന്‍സ് നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ബാറുടമകള്‍ അപേക്ഷ നല്കിയാല് പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. പട്ടണങ്ങളായി ഏതിനെയൊക്കെ പരിഗണിക്കാമെന്നു സംസ്ഥാനത്തിനു തീരുമാനിക്കാം. എന്നാല്‍ വാഹനാപകടനിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന വസ്തുത അപേക്ഷ പരിഗണിക്കുമ്പോള്‍ ഓര്‍മിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നഗരങ്ങളെ പാതയോര നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയ സുപ്രീം കോടതി തീരുമാനത്തെത്തുടര്‍ന്ന് പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബാര്‍ ഉടമകളാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളുടെയും നിലപാട് തേടി. തുടര്‍ന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്ഥാന പാതകളെ ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്കി. കേസില്‍ വാദം നടക്കുന്നതിനിടെ, മദ്യനിരോധനത്തിനുള്ള പരിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നു ആരാഞ്ഞെങ്കിലും കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം സുധീരന് മാത്രമാണ് എതിര്‍പ്പറിയിച്ചത്.
സംസ്ഥാനത്ത് നൂറ്റമ്പതോളം ബാറുകള്‍ അടഞ്ഞുകിടക്കുന്നതു പഞ്ചായത്തുകളിലാണ്. ഇവിടങ്ങളിലെ ത്രീസ്റ്റാര്‍ പദവി ഉള്ള ബാറുകള്‍ക്ക് തുറന്നുപ്രവര്ത്തിക്കാനാവും. എന്നാല്‍, മുപ്പതോളം ബാറുകള്‍ മാത്രമേ ഈ ഗണത്തില്‍ ക്ലാസിഫിക്കേഷന്‍ നേടിയിട്ടുള്ളൂ.






