
സിഡ്നി: ഓസ്ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡീക്കോക്കും തമ്മില്‍ ഡ്രസ്സിംഗ് റൂമിലുണ്ടായ ഏറ്റുമുട്ടലിന് കാരണം പരസ്പരമുള്ള ചീത്തവിളിയെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. വാര്‍ണറുടെ ഭാര്യയെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ആക്ഷേപിച്ചതിനാണ് വാര്‍ണറെ ചൊടിപ്പിച്ചതെന്നാണ് പുതിയ വിവരം. സംഭവം ക്വിന്റണ്‍ ഡീകോക്കിന്റെ മൂത്ത സഹോദരി ഡാ ലീന്‍ ഏറ്റുപിടിക്കുകയും 'അടികൊള്ളും' എന്ന് ട്വിറ്ററിലൂടെ വാര്‍ണറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
അതേസമയം അതിന് മുമ്പ് ഫീല്‍ഡില്‍ വെച്ച് ഓസ്ട്രേലിയക്കാരുടെ പതിവ് ചീത്തവിളിയുടെ ഭാഗമായി ഡീ കോക്കിന്റെ അമ്മയെയും പെങ്ങളെയും ആക്ഷേപിച്ച് വാര്‍ണര്‍ സംസാരിച്ചതായി ഡീകോക്കും ആരോപിക്കുന്നുണ്ട്. ഡര്‍ബനിലെ കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് നടന്ന ആദ്യ ടെസ്റ്റിനിടെ ചായയ്ക്ക് പിരിഞ്ഞപ്പോഴായിരുന്നു ഡ്രസിംഗ് റൂമിലേക്ക് വരുമ്പോള്‍ ഇരുവരും ഏറ്റുമുട്ടിയത്. സംഭവത്തിന്റെ സിസിടിവി ക്യാമറാദൃശ്യങ്ങള്‍ ലീക്കാകുകയും അനേകം ന്യൂസ് ചാനലുകള്‍ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. സ്റ്റെയറിനടുത്ത് നായകന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ നാലു പേരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും വാക്കേറ്റം നടത്തുന്നതാണ് ദൃശ്യം.
നാലാം ദിവസം ഗ്രൗണ്ടിലെ ചീത്തവിളി അതിരുവിട്ടതായി താനറിഞ്ഞില്ലെന്നായിരുന്നു പിന്നീട് നായകന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്. അതേസമയം രണ്ടു ടീമും ആവശ്യത്തിന് ചീത്ത വിളിച്ചെന്നും ഓണ്‍ഫീല്‍ഡ് അമ്പയര്‍ അടുത്ത ടെസ്റ്റില്‍ ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞതായും ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ളെസിസ് പറഞ്ഞത്. അതേസമയം ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റ് സംഭവ ബഹുലമായിരുന്നു. വാര്‍ണറിന്റെ ത്രോയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഡിവിലിയേഴ്സിനെ റണ്ണൗട്ട് ആക്കിയ ശേഷം നതാന്‍ ലിയോണ്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് പന്തെറിഞ്ഞത് വിവാദമായിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റിന് തന്നെ ഹിതകരമല്ലാത്ത പ്രവര്‍ത്തിയിലൂടെ മാച്ച്ഫീയുടെ 15 ശതമാനമാണ് നതന്‍ ലിയോണ്‍ ശിക്ഷ വാങ്ങിയത്.
ഇതിന് പിന്നാലെ തന്നെ രണ്ടു ടീമും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഡര്‍ബനില്‍ കൂടെയുള്ള ഭാര്യ കാന്‍ഡിസിനെ അപമാനിക്കുന്ന രീതിയില്‍ ഡീകോക്ക് പരാമര്‍ശം നടത്തി എന്നതാണ് വാര്‍ണറുമായുള്ള ഉടക്കിന്റെ ഏറ്റവും പുതിയ സംഭവവികാസമായി ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ഇന്നിംഗ്സില്‍ ടീമിനെ തോല്‍വിയില്‍ നിന്നും രക്ഷിക്കാനായി പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ വാര്‍ണര്‍ വളരെ മോശമായി സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തതിന്റെ ബാക്കി പത്രമായിരുന്നു ഇതെന്നും വിവരമുണ്ട്. എന്തായാലും കൊടുത്തതാണ് വാര്‍ണര്‍ക്ക് തിരിച്ചു കിട്ടിയതെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മൊഹമ്മദ് മൂസാജി പറഞ്ഞത്.
വാര്‍ണര്‍ ഡീകോക്കിനെ 'ശീമപന്നി' എന്ന് പരിഹസിച്ചതായി ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്് ഡീകോക്കിനും ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രാമിനും നേരെ ഒരു മണിക്കൂറോളം ഡീകോക്കിനെ വാര്‍ണര്‍ ചീത്ത വിളിച്ചെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ട് ദക്ഷിണാഫ്രിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഷെയിന്‍ വോണും മൈക്കല്‍ വോണും ഉള്‍പ്പെടെയുള്ള അനേകം താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.