
കോഴിക്കോട്: തനിക്ക് നേരിടേണ്ടി വന്ന അസമത്വങ്ങള്‍ക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹാദിയ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയാണ് സൃഷ്ടിച്ചതെന്നും വരും തലമുറകള്‍ക്കും അവള് പ്രചോദനമാണെന്നും നാഷണല്‍ വുമണ്‍ ഫ്രണ്ട് നേതാവ് എ എസ് സൈനബ. ഹാദിയയെ നിര്‍ബ്ബന്ധിച്ച് മതം മാറ്റിയെന്ന കുറ്റം ചുമത്തപ്പെട്ടയാളായ സൈനബ ഇത് ഹദിയയുടെ മാത്രം വിജയമാണെന്നും തങ്ങള്‍ ഒപ്പം നിന്നെന്ന് മാത്രമേയുള്ളെന്നും സൈനബ പറഞ്ഞു.
തനിക്കെന്താണ് വേണ്ടതെന്ന് അവള് സുപ്രീംകോടതിയ്ക്ക് മുന്നില്‍ സധൈര്യം എഴുന്നേറ്റു നിന്നു പറഞ്ഞതോടെ രണ്ടു വര്‍ഷം നീണ്ട സുദീര്‍ഘമായ ഒരു പോരാട്ടത്തിനാണ് അന്ത്യമായത്. ഒടുവില്‍ അവള് കൊതിച്ച സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടി. എന്നാല്‍ ഇത് ഒരു ഇടക്കാല വിധിയായതിനാലും അവസാന വിധി ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നതിനാലും ആഘോഷിക്കാന്‍ സമയമായിട്ടില്ല. സ്ത്രീ ആയതിനാല്‍ സംഘപരിവാര്‍ ആദ്യം അതൊരു മൃദു ലക്ഷ്യമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ തന്റെ മനോധൈര്യം കൊണ്ട് ഹാദിയ പിടിച്ചുനിന്നു. വരുന്ന തലമുറയ്ക്ക് കൂടി അവള് പ്രചോദനമായിരിക്കും. സൈനബ പറഞ്ഞു.
സുപ്രീംകോടതി വിധി വരുമ്പോള്‍ നാഷണല്‍ വുമന്‍ ഫ്രണ്ടിന്റെ 'ഫാസിസമെന്ന സ്ത്രീ വിരുദ്ധതയും നേരിടലും' എന്ന വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു എ എസ് സൈനബ. അതേസമയം നിയമപോരാട്ടം താന്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിക്കെതിരേയുള്ള വിധി മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും ഷഫീന് ജഹാന് തീവ്രവാദി ബന്ധമുണ്ടോ എന്ന കേസില്‍ എന്‍ഐഎ യുടെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഹാദിയയുടെ പിതാവ് അശോകന് പറഞ്ഞു. മകളെ ഒരു തീവ്രവാദി വിവാഹം കഴിക്കുന്നു എന്നത് ഒരു പിതാവിന് എത്രമാത്രം വേദനാജനകമാണെന്നും അത് വിവരിക്കാന്‍ കഴിയില്ലെന്നും അശോകന് പറഞ്ഞു.
ഹൈക്കോടതി മകളെ തനിക്കൊപ്പം അയച്ചതാണ്. എന്നാല്‍ ഷഫീന് ജഹാനും കൂട്ടരും അവളെ തന്നില്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടു പോയി. ഇതു തന്നെ ഇത് തട്ടിപ്പ് വിവാഹമാണെന്നതിന് തെളിവാണെന്നും അശോകന് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും എതിരേ കണ്ണില്ലാത്ത ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍ രാജ്യത്തിന്റെ മുഖം തന്നെ വികൃതമാക്കുകയാണെന്നും ലവ്ജിഹാദിന്റെ പേരില്‍ രാജസ്ഥാനില്‍ 54 കാരന് വരെ കൊല്ലപ്പെട്ടെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ഓള് ഇന്ത്യ മുസ്ളീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം ഫാത്തിമാ മുസാഫിര്‍ പറഞ്ഞു.






