കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയടക്കം 23 ജഡ്ജിമാരെ സ്ഥലം മാറ്റി. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നുമാണ് കെമാല്‍ പാഷയെ സ്ഥലം മാറ്റിയത്. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും സിവില്‍ കേസിലേക്കാണ് മാറ്റിയത്. കെമാല്‍ പാഷയ്ക്ക് പകരം ഇനി ജസ്റ്റിസ് ഏബ്രഹാം മാത്യൂ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കും. ഏപ്രിലില്‍ മധ്യവേനല്‍ അവധിക്ക് കോടതി അടയ്ക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം വന്നത്.
ശുഹൈബ് വധക്കേസില്‍ കെമാല്‍ പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്. സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും കെമാല്‍ പാഷയുടെ ബെഞ്ചാണ്. ഇതിന് പിന്നാലെയാണ് സ്ഥാനചലനമെന്നത് ശ്രദ്ധേയമായി. അതേസമയം സ്ഥാനചലനം പതിവ് നടപടിക്രമം മാത്രമാണെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ജഡ്ജുമാരുടെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണ്. അതിന് പ്രത്യേക കാലപരിധിയൊന്നും നിശ്ചയിട്ടില്ല. ബെഞ്ചുകള്‍ പരിഗണിക്കുന്ന കേസുകളില്‍ ഇടയ്ക്ക് മാറ്റമുണ്ടാകാറുണ്ട്.






