
ഉസാമാ ബിന്‍ ലാദനെ പാകിസ്താനില്‍ ഒളിപ്പിക്കുകയും മുംബൈ ഭീകരാക്രമണക്കേസ് പ്രതികള്‍ സൈ്വര്യവിഹാരം നടത്തുകയും മനുഷ്യാവകാശങ്ങളില്‍ ഭീകരതയുടെ വേരോടുകയും ചെയ്യുന്ന അങ്ങേയറ്റം പരാജയപ്പെട്ട ഒരു രാജ്യത്ത് നിന്നും പാഠം പഠിക്കേണ്ട ദൗര്‍ഭാഗ്യം ഇല്ലെന്ന് പാകിസ്താനെതിരേ ഇന്ത്യ. കശ്മീരില്‍ മനുഷ്യാവകാശം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നെന്ന പാകിസ്താന്റെ വിമര്‍ശനത്തെ അതേ നാണയത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തിരിച്ചടിച്ചത്.
കശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന ആവശ്യം വ്യാഴാഴ്ച ഉന്നയിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയും പാകിസ്താന് യുഎന്നില്‍ ഉന്നയിച്ചതോടെയാണ് ഇന്ത്യ ചുട്ട മറുപടി പറഞ്ഞത്. ജനാധിപത്യവും മനുഷ്യാവകാശവും അവ രണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തില്‍ നിന്നും ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ജനീവയിലെ യുഎന്‍ മിഷന്റെ ഇന്ത്യന്‍ സെക്കന്റ് സെക്രട്ടറി മിനി ദേവി കുമമാണ് മറുപടി നല്‍കിയത്. പാകിസ്താനില്‍ നിന്നും ഇന്ത്യ നേരിടുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഒരു വലിയ പട്ടിക തന്നെ കുമം നിരത്തി. ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും കൂടാതെ ഭീകരര്‍ പാകിസ്താനില്‍ അനുദിനം ശക്തിപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി.
പാകിസ്താനില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത് 2008 ലെ മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട്, ഉറി ഭീകരാക്രമണക്കേസ് പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കുന്ന വിശ്വാസം ഉറപ്പാക്കുന്ന നടപടികളാണ്. ഭീകര താല്‍പ്പര്യങ്ങള്‍ക്ക് മറ പിടിക്കാനായി മനുഷ്യാവകാശ വാദമെന്ന മുഖംമൂടി ധരിക്കുകയാണ്. സ്വന്തം അതിര്‍ത്തിക്കുള്ളിലെ മനുഷ്യാവകാശത്തെക്കുറിച്ചാണ് പാകിസ്താന് ചിന്തിക്കേണ്ടത്.
ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും മനുഷ്യാവകാശം ലംഘിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ കാര്യം ഈ കൗണ്‍സില്‍ ആദ്യം ചിന്തിക്കണം. പാകിസ്താന് ഭീകരതയ്ക്ക് നല്കുന്ന പിന്തുണ, അതിര്‍ത്തി ലംഘിച്ചുള്ള നുഴഞ്ഞുകയറ്റം എന്നിവ നിര്‍ത്തലാക്കാന്‍ കൗണ്‍സില്‍ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്വന്തമായി ഉറച്ച തീരുമാനം എടുക്കാനുള്ള അവകാശമില്ലാത്തതാണ് കശ്മീര്‍ പ്രശ്നത്തിന്റെ കാരണമെന്നാണ് പാകിസ്താന് പ്രതിനിധി താഹിര്‍ അന്ദ്രാബി ആരോപിച്ചത്. ജമ്മു കശ്മീരിനെക്കുറിച്ചു യുഎന്‍ പ്രമേയം പാസ്സാണമെന്ന പതിവ് ആവശ്യവും പാകിസ്താന് ഉന്നയിച്ചപ്പോഴാണ് ഇന്ത്യ പ്രതികരിച്ചത്.






