
തിരുനെല്‍വേലി: വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ യാത്രയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സംഘര്‍ഷം. വി.എച്ച്.പിയുടെ രഥം തിരുനെല്‍വേലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. രഥം സംസ്ഥാനത്ത് പ്രവേശിക്കുന്നത് സമാധാനം തകര്‍ക്കുമെന്ന് ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഡി.എം.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നാല് സ്വതന്ത്ര എം.എല്‍.എമാരും ഇറങ്ങിപ്പോയി. റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തിയ സ്റ്റാലിനേയും പാര്‍ട്ടി നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ തിരുനെല്‍വേലിയില്‍ രഥയാത്രയ്ക്കെതിരെ സമരം ശക്തമായതിനെ തുടര്‍ന്ന് 144 പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെ നിരോധനാജ്ഞ തുടരും. വിടുതലൈ ചിരുതലൈ കക്ഷിയാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷം കണക്കിലെടുത്ത് രഥയാത്രയ്ക്ക് സുരക്ഷയൊരുക്കാന്‍ ആയിരത്തിലേറെ പോലീസുകാരെ വിന്യാസിച്ചിട്ടുണ്ട്.
അയോധ്യയില്‍ നിന്നുമാണ് വി.എച്ച്.പിയുടെ രഥയാത്ര ആരംഭിച്ചത്. മാര്‍ച്ച് 25ന് രാമേശ്വരത്ത് സമാപിക്കും. അയോധ്യയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ളാഗ് ഓഫ് ചെയ്യാനിരുന്ന രഥയാത്ര പിന്നീട് വി.എച്ച്.പി ജനറല്‍ സെക്രട്ടറി ചംപത്ത് റായ് ആണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് യാത്ര.
25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രഥമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അയോധ്യയില്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ക്ഷേത്രത്തിന്റെ മാതൃകയിലാണ് രഥം നിര്‍മ്മിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര രാമേശ്വരത്ത് സമാപിക്കുന്നത്. കേരളത്തില്‍ നിന്ന് ചെങ്കോട്ടയിലേക്കെത്തിയ യാത്ര ചൊവ്വാഴ്ചയാണ് തിരുനെല്‍വേലിയില്‍ എത്തിയത്.







Comments