
കേപ്ടൗണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നാണക്കേടിന്റെ പടു കുഴിയില്‍ വീഴ്ത്തിയ പന്തു ചുരണ്ടല്‍ വിവാദത്തിന്റെ കേന്ദ്രബിന്ദു ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ആണെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഡേവിഡ് വാര്‍ണറിന്റെ തന്ത്രം സ്മിത്തിന്റെ അംഗീകാരത്തോടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടപ്പാക്കുകയായിരുന്നു. തങ്ങള്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നവരായതിനാല് താരതമ്യേനെ തുടക്കക്കാരനായ ബാന്‍ക്രോഫ്റ്റിനെ നായകനും ഉപനായകനും ചേര്‍ന്ന് മാന്യതയ്ക്ക് നിരക്കാത്ത പരിപാടി ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലവന്‍ ജെയിംസ് സുതര്‍ലാന്റ് പ്രതിസന്ധി പതിഹരിക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്കിന് കയറിയപ്പോഴായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ തെളിവോടെയുള്ള വഞ്ചനയ്ക്ക് സ്റ്റീവ് സ്മിത്തും വാര്‍ണറും ചേര്‍ന്ന് കളമൊരുക്കിയത്. തങ്ങള്‍ എപ്പോഴും ക്യാമറക്കണ്ണുകളുടെ ഭാഗമായതിനാല്‍ അക്കാര്യം ചെയ്യാന്‍ ബാന്‍ക്രോഫ്റ്റിനെ നിയോഗിക്കുകയായിരുന്നെന്ന് നായകന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നാലാം ടെസ്റ്റ് മത്സരത്തില്‍ നിന്നും സ്മിത്തിനെയും വാര്‍ണറെയും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ പങ്കാളിയായിട്ടുളള മുഴുവന്‍ താരങ്ങളെയും നടപടിയുടെ ഭാഗമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡാരന്‍ ലേമാന്റെ പങ്കും അന്വേഷണവിധേയമാക്കിയേക്കും.
ഞായറാഴ്ച മൂന്നാം ടെസ്റ്റ് പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ തന്നെ സ്മിത്ത് ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനവും വിട്ടിട്ടുണ്ട്. ഉപനായകന്റെ മണ്ടന്‍ തീരുമാനത്തെ നായകന് ശരി വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കുറ്റം ഒന്നോ രണ്ടോ പേരില്‍ മാത്രം ചുമത്തുന്നതിനെതിരേയും എതിര്‍പ്പ് ഉയരുന്നുണ്ട്. മുമ്പ് പോര്‍ട്ട് എലസബത്തില് നടന്ന മത്സരത്തിലും ഓസീസ് ടീമുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ പ്രാദേശിക ചാനലുകളുടെ ക്യാമറകളില്‍ പതിഞ്ഞിരുന്നു. വാര്‍ണറിന്റെ വിരലുകളില്‍ ബാന്‍ഡേജ് ഇട്ടിരുന്നതായിരുന്നു ക്യാമറകള്‍ കാട്ടിയത്.


