
കേപ്ടൗണ്‍: പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടുപോയ ഓസ്ട്രേലിയന്‍ ടീമിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് പരിശീലകന് ഡാരന്‍ ലേമാന് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് പരിശീലകന് സ്ഥാനം രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകും. പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തില്‍ കുടുങ്ങിയ നായന് സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും 12 മാസത്തേക്ക് എല്ലാ ക്രിക്കറ്റില്‍ നിന്നും വിലക്കിയേക്കുമെന്നും സൂചനയുണ്ട്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് തുടങ്ങും മുമ്പായി ലേമാന്റെ അഭ്യര്‍ത്ഥനയില്‍ തീരുമാനം ഉണ്ടാകും. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിരിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലവന്‍ ജെയിംസ് സുതര്‍ലാന്റ് ജോഹന്നാസില് കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. ലേമാന് പുറമേ വിവാദനായകന്‍ സ്മിത്ത്, ഉപനായകന്‍ വാര്‍ണര്‍, പന്തു ചുരണ്ടല്‍ നടത്തിയ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ മൊഴികളും സുതര്‍ലാന്റ് എടുക്കും.
അഞ്ചു വര്‍ഷമായി ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായി സേവനം ചെയ്യുന്ന ലേമാന് 2019 ആഷസിന് ശേഷമേ പടിയിറങ്ങൂ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ലേമാന് കീഴില്‍ അവര്‍ ഒട്ടേറെ കിരീടങ്ങള്‍ നേടുകയും ചെയ്തിരുന്നു. രണ്ട് ആഷസും ലോകകപ്പും ലേമാന് കീഴിലാണ് ഓസീസ് നേടിയത്. വിവാദം തുടങ്ങിയപ്പോള്‍ തന്നെ പരിശീലകനെ രക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് നായകന് സ്മിത്ത് എടുത്തത്. തീരുമാനത്തിന് പിന്നില്‍ ടീമിലെ മുന്‍നിര താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കിയതിന്റെ പൊരുളും അതു തന്നെയായിരുന്നു. സംഭവത്തില്‍ ലേമാനും ഇതുവരെ പൊതുവേദിയില്‍ പ്രതികരണം നടത്തിയിട്ടുമില്ല.
വിവാദത്തില്‍ പങ്കാളിയായിരുന്നു എന്ന് തുറന്നു പറഞ്ഞ സ്റ്റീവന്‍ സ്മിത്തിനെതിരേയും പന്തു ചുരണ്ടലിന്റെ മാസ്റ്റര്‍ ബ്രെയിനായ വാര്‍ണര്‍ക്കും 12 മാസത്തെ വിലക്ക് കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നുണ്ട്. അങ്ങിനെ വന്നാല്‍ ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ തുടങ്ങുന്ന ഐപിഎല്ലിലും രണ്ടു പേര്‍ക്കും കളിക്കാനാകില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടിയ താരങ്ങളാണ് രണ്ടു പേരും. എന്നിരുന്നാലും രാജസ്ഥാന് റോയല്‍സിന്റെ നായക സ്ഥാനത്ത് നിന്നും സ്മിത്ത് പിന്മാറിയിട്ടുണ്ട്. പകരം അജിങ്ക്യാരഹാനേ നായകനാകും. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത് ഡേവിഡ് വാര്‍ണറാണ്.





