
ലോകകപ്പില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും യുറോപ്പില്‍ നടക്കുന്ന സൗഹൃദമത്സരത്തില്‍ സമാശ്വാസം കണ്ടെത്തി ഹോളണ്ട്. ലോകകപ്പിനായി തയ്യാറെടുക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയേയും സംഘത്തെയും തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹോളണ്ട് തകര്‍ത്തത്. മെംഫിസ് ഡീപേയും റയാന് ബാബേലും വാന്‍ ജിക്കിന്റേതുമായിരുന്നു ഗോളുകള്‍.
ഗരത്ത് സൗത്ത്ഗേറ്റിന്റെ യുവനിരയായ ഇംഗ്ളണ്ടിനോട് തോറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് റൊണാള് കോമാന്റെ കീഴില്‍ ഓറഞ്ചു പട ആദ്യ വിജയം കുറിച്ചത്. കളിയുടെ 11 ാം മിനിറ്റില്‍ ഡോണി വാന്‍ ഡേ ബീക്കിന്റെ ക്രോസ് ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ട് ലിയോണ്‍ താരം ഡീപേയാണ് ടീമിനെ ആദ്യം മുന്നില്‍ എത്തിച്ചത്. കളി ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ നതാന്‍ ആകേ വീഴ്ത്തിയതിന് പോര്‍ച്ചുഗല്‍ നായകന് പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ആദ്യ പകുതിയില്‍ കളി 32 ാം മിനിറ്റില്‍ എത്തിയപ്പോള്‍ ഹോളണ്ട് രണ്ടാം ഗോള്‍ നേടി.
ലിവര്‍പൂള്‍ താരം റയാന് ബാബേലിലൂടെ ഹോളണ്ട് മറ്റൊരു ഗോള്‍ നേടി. മത്തീസ് ഡി ലൈറ്റിന്റെ ക്രോസ് പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ഉണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനിടയില്‍ ബാബേല്‍ പന്ത് വലയിലേക്ക് തട്ടിയിട്ടു.
ആദ്യ പകുതിയില്‍ ഇഞ്ചുറി സമയത്ത് ഹോളണ്ട് മൂന്നാം ഗോള്‍ നേടി. സുന്ദരന്‍ ഫിനിഷിംഗിലൂടെ വാന്ജിക്കായിരുന്നു സ്കോര്‍ ചെയ്തത്. ആദ്യ പകുതി തന്നെ മൂന്ന് ഗോളിന്റെ ആനുകൂല്യം നേടിയ ഹോളണ്ട് രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനെ തകര്‍ക്കുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. 61 ാം മിനിറ്റില്‍ കവാകോ കാന്‍സലോ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തു പോയിട്ടും ഹോളണ്ടിന് കൂടുതല്‍ സ്കോര്‍ ചെയ്യാനായില്ല.
തുടര്‍ച്ചയായി ഒമ്പതു മത്സരങ്ങളില്‍ സ്കോര്‍ ചെയ്ത ശേഷം ആദ്യമായിട്ടാണ് ക്രിസ്ത്യാനോ ഒരു കളിയില്‍ ഗോള്‍ നേടാതെ പോകുന്നത്. 68 ാം മിനിറ്റില്‍ താരത്തെ വലിച്ച മൊണാക്കോ താരം ജാവോ മൗട്ടീഞ്ഞോയെ ഇറക്കുകയും ചെയ്തു. വെള്ളിയാഴ്ച ഈജിപ്തിനെതിരേ രണ്ടു ഗോളടിച്ച ക്രിസ്ത്യാനോ റയലിനും പോര്‍ച്ചുഗലിനുമായി ഇതുവരെ സ്കോര്‍ ചെയ്തത് 17 ഗോളുകളായിരുന്നു.
മുന്ചാമ്പ്യന്മാരായ സ്പെയിനും മൊറാക്കോയ്ക്കും ഇറാനുമൊപ്പം ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍ കളിക്കുന്നത്. മറുവശത്ത് റൊണാള്‍ഡ് കോമാന് ഹോളണ്ടിന്റെ പരിശീലകനായി സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനോട് നെതര്‍ലന്റ് 1-0 ന് പരാജയപ്പെട്ടു. ക്രിസ്ത്യാനോയുടെ സ്പാനിഷ്ലീഗിലെ മുഖ്യ എതിരാളി ലയണേല്‍ മെസ്സി ഇന്ന് ജര്‍മ്മനിക്കെതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കുന്നുണ്ട്.


