
എല്ലാം നശിച്ചു. പക്ഷെ തിരിച്ചു വരണം. നിനക്കൊരു ആവശ്യം വന്നാല്‍ ആ സമയത്ത് സ്ഥലത്ത് ഞങ്ങളുണ്ടാകുമെന്ന് നിനക്ക് അറിയാമല്ലോ? ഡെന്ബിയില് നിന്ന് ഇങ്ങനെയൊരു സന്ദേശം എത്തിയത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസീസ് ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിന്റെ ഫോണിലാണ്. ബാന്‍ക്രോഫ്റ്റിന്റെ ഉറ്റസുഹൃത്തായ ജോ ചെറിക്ക് ആ നിമിഷം തന്നെ മറുപടി എത്തി. നന്ദി... അത് അംഗീകരിച്ചതിന്..
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്കു നേരിടുന്ന ഓപ്പണിങ് താരം ബാന്‍ക്രോഫ്റ്റ് ആകെ തകര്‍ന്ന അവസ്ഥയിലാണ്. പിന്നിട്ട ആ കറുത്ത ആഴ്ചയില്‍ നിന്ന് എല്ലാം മറന്നൊരു തിരിച്ചുവരവിന് കൊതിക്കുകയാണ് ബാന്‍ക്രോഫ്റ്റ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആ കൃത്രിമം ചെയ്യാന്‍ താന്‍ സമ്മതം മൂളിയ ആ നിമിഷത്തെ ബാന്‍ക്രോഫ്റ്റ് ശപിക്കുന്നുണ്ടാകും. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബാന്‍ക്രോഫ്റ്റ് ആ കൃത്യം നടപ്പാക്കിയത്. ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ ചതിയനായി ബാന്‍ക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ബാന്‍ക്രോഫ്റ്റിന്റെ കാമുകിയെപ്പോലും ആരാധകര്‍ വെറുതെ വിട്ടില്ല. താരത്തിന്റെ പഴയ ട്വീറ്റുകള്‍ക്കു പോലും അസഭ്യവര്‍ഷമായിരുന്നു. എല്ലാം തകര്‍ന്ന നിമിഷത്തിലാണ് മാനസിക പിന്തുണ പോലെ ജോയുടെ ആ സന്ദേശം ബാന്‍ക്രോഫ്റ്റിനെ തേടി എത്തിയത്.



