
കൊച്ചി: തിങ്കളാഴ്ച അന്തരിച്ച വിന്നി മണ്ടേല ഒരേയൊരു തവണ ഇന്ത്യയില് എത്തിയിട്ടുള്ളത് കേരളത്തില്. കവിയും അധ്യാപകനുമായ മാവേലിക്കര സ്വദേശി ജേക്കബ് ഐസക്ക് കാലിമഠത്തിന്റെ ക്ഷണം സ്വീകരിച്ച് 1998ലാണ് വിന്നി കേരളം സന്ദര്ശിച്ചത്. 1989ല് അധ്യാപകനായി ആഫ്രിക്കയില് എത്തിയ ജേക്കബ് ആഫ്രിക്കന് നാഷണല് കോണ്ഗ്രസുമായി ബന്ധപ്പെട്ട് വര്ണവിവേചന പോരാട്ടത്തില് പങ്കെടുത്തിട്ടുണ്ട്. 1991ല് ആഫ്രിക്കയിലെ അടിച്ചമര്ത്തപ്പെട്ടവര്ക്കായി ജേക്കബ് സ്കൂള് തുടങ്ങി.
വര്ണവിവേചനത്തിനെതിരായ പ്രവര്ത്തനങ്ങള്ക്കിടെ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഫാത്തിമ മീറുമായി പരിചയപ്പെടാനിടയായതാണ് ജേക്കബിന്റെ ജീവിതത്തില് വഴിത്തിരിവായത്. ഫാത്തിമ വിന്നിയുടെ സുഹൃത്തായിരുന്നു. ഫാത്തിമയിലൂടെ ജേക്കബ് വിന്നി മണ്ടേലയുമായി പരിചയത്തിലായി. വര്ണവിവേചനത്തിനെതിരായ പോരാട്ടത്തില് അവരുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാന് അവസരം ലഭിച്ചു. പിന്നീടാണ് വിന്നിയെ കേരളത്തില് എത്തിക്കുന്നത്.
വിന്നി മണ്ടേലയുടെ കേരള സന്ദര്ശനത്തിന്റെ കാരണമായതാകട്ടെ നടന്മാരായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയും നടിയുമായ മല്ലിക സുകുമാരനും. വിന്നിയെ കേരളത്തില് എത്തിക്കണമെന്ന് മല്ലിക ആവശ്യപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരത്തെ ചില്ഡ്രന്സ് ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന നടന് സുകുമാരനും ജേക്കബിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ ഒരു പരിപാടി വിന്നി മണ്ടേല ഉദ്ഘാടനം ചെയ്യണമെന്നതായിരുന്നു സുകുമാരന്റെ ആവശ്യം.
സുകുമാരന്റെയും മല്ലിക സുകുമാരന്റെയും അഭ്യര്ത്ഥന പ്രകാരം 1998ല് വിന്നി മണ്ടേല കേരളത്തില് എത്തി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര് വിന്നിയെ സംസ്ഥാന അതിഥിയായി സ്വീകരിച്ചു. കുട്ടികളുടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത വിന്നി മണ്ടേല കോവളവും സന്ദര്ശിച്ച ശേഷമാണ് മടങ്ങിയത്. അവരുടെ പ്രഥമ ഇന്ത്യ സന്ദര്ശനമായിരുന്നു അത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ വിന്നിയെ ഇന്ത്യ സന്ദര്ശിക്കാന് ക്ഷണിച്ചിരുന്നുവെങ്കിലും അവര് ക്ഷണം സ്വീകരിച്ചില്ല.
ആഫ്രിക്കയിലെ പ്രവര്ത്തനത്തിലൂടെ സാക്ഷാല് നെല്സണ് മണ്ടേലയുമായും സൗഹൃദം സ്ഥാപിക്കാന് ജേക്കബ് ഐസക്കിന് സാധിച്ചിട്ടുണ്ട്. തിരക്കേറിയ നേതാവായിരുന്ന മണ്ടേലയെ രണ്ട് തവണ മാത്രമേ കാണാന് അവസരം ലഭിച്ചിട്ടുള്ളൂ. ജയില്വാസ കാലത്തും മണ്ടേലയെ സന്ദര്ശിക്കാന് ജേക്കബിന് അവസരം ലഭിച്ചിട്ടുണ്ട്.







Comments