
കടുത്തുരുത്തി: അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ പോയപ്പോള്‍ പ്രതി വിലങ്ങുമായി ജയിലില്‍ നിന്നും ഇറങ്ങിയോടുകയും പിന്നീട് നാട്ടുകാര്‍ ഓടിച്ചിട്ടു പിടിക്കുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷനില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ കല്ലറ പാലക്കാമറ്റം രാഹുല്‍ (27) ആണ് പോലീസിനെ വട്ടം കറക്കിയത്്. രണ്ടു പോലീസുകാരെ സ്റ്റേഷന് ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ അസോസിയേഷന് സമ്മേളനത്തിന് പോയപ്പോഴായിരുന്നു സംഭവം.
പകല്‍ 11 മണിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിനെ ലോക്കപ്പില്‍ നിന്നും പോലീസുകാര്‍ വെളിയിലിറക്കി. പെട്ടെന്ന് മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കടുത്തുരുത്തി ടൗണിലേക്ക് ഓടുകയായിരുന്നു. പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലൂം കിട്ടിയില്ല. ഈ സമയം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പോലീസ് അസോസിയേഷന് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം കടുത്തുരുത്തി വഴി മുഖ്യമന്ത്രി എറണാകുളത്തേക്ക് പോകുകയും ചെയ്തിരുന്നു. റോഡില്‍ വാഹനങ്ങള്‍ക്ക് ഇടയിലൂടെ ഓടിയ പ്രതി്യെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചായിരുന്നു തിരിച്ച് സ്റ്റേഷനില്‍ എത്തിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ കല്ലറ സെന്റ് തോമസ് പള്ളിയില്‍ കൂട്ടമണിയടിച്ച് ആള്‍ക്കാരെ പരിഭ്രാന്തരാക്കിയതിനെ തുടര്‍ന്നായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പ്രതി മാനസീക വിഭ്രാന്തി കാട്ടിയതായി പോലീസ് പറഞ്ഞു. എന്തായാലും പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം അവര്‍ക്കൊപ്പം രാഹുലിനെ പോലീസ് പറഞ്ഞുവിടുകയായിരുന്നു.






