മലപ്പുറം: എസ്.സി, എസ്.ടി പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രീം കോടതി നിലപാടിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് പിന്തുണയുമായി മുസ്ലീം യൂത്ത് ലീഗ്. യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ദളിത് സംഘടനകളുടെ ഹര്‍ത്താലിനോട് ചിലരുടെ നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതി വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ദളിത് ഹര്‍ത്താലിനെതിരായി ചിലര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം അംഗീകരിക്കാനാകില്ല. അതുകൊണ്ട് നാളെ നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും യൂത്ത് ലീഗ് അറിയിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളും വ്യാപാരി സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിരവധി ചെറുകക്ഷികളടക്കം നിരവധി സംഘടനകളും വ്യക്തികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ പിന്തുണയ്ക്കുകയാണെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി. എസ്.സി, എസ്.ടി പീഡന നിരോധന നിയമം ദുര്‍ബലമാക്കുന്നത് ദളിതര്‍ക്കെതിരായ പീഡനങ്ങളുടെ ആക്കം കൂട്ടുമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്






