
വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച വിജയകരമായില്ലെങ്കില്‍ 'ഇറങ്ങിപ്പോകു'മെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിന് സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഫ്‌ളോറിഡയിലെ മാരാ ലാഗോ റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.
കിമ്മും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സി.ഐ.എ മേധാവി മൈക് പോംപിയോ കഴിഞ്ഞമാസം അവസാനം ഉത്തര കൊറിയയില്‍ എത്തിയിരുന്നുവെന്ന് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യം ട്രംപും സ്ഥിരീകരിച്ചിരുന്നു. കിമ്മുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനാണ് മൈകിന്റെ സന്ദര്‍ശനമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയും ഉത്തര കൊറിയും തമ്മില്‍ 2000 നു ശേഷം നടക്കുന്ന ഏറ്റവും സുപ്രധാന കൂടിക്കാഴ്ചയായിരുന്നു മൈകിന്റെത്. ജൂണില്‍ ട്രംപ് കിമ്മുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം അടക്കം ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.






