
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം നല്കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. നോട്ടിസില്‍ പ്രതിപക്ഷം രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചു, അഴിമതി ആരോപണത്തിന് തെളിവില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. രാജസഭാ അധ്യക്ഷന്‍ ഒരു നോട്ടീസ് നല്കിക്കഴിഞ്ഞാല് അത് രഹസ്യരേഖയാണ്. എന്നാല്‍ ഈ നോട്ടീസ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തിയത് സഭാ ചട്ടത്തിന്റെ ലംഘനമാണെന്ന് നായിഡുവിന്റെ ഓഫീസ് വ്യക്തമാക്കി. നിയമവിദഗ്ധരും ഭരണഘടന വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നോട്ടീസ് തള്ളിയത്.
അതേസമയം, നോട്ടീസ് തള്ളിയതിനെതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യസഭാ അധ്യക്ഷന്റെ് നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.
ഇംപീച്ച്മെന്റ് നോട്ടീസുമായി പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതിയെ കണ്ടത്. ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 സിറ്റിംഗ് എം.പിമാരും അടുത്തകാലത്ത് വിരമിച്ച ഏഴ് എം.പിമാരുമാണ് നോട്ടീകസില് ഒപ്പുവച്ചിരുന്നത് കോണ്‍ഗ്രസ്, എന്‍.പി.പി, സി.പി.എം, സി.പി.ഐ, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദിപാര്ട്ടി, മുസ്ലീം ലീഗ് എന്നീ കക്ഷികളാണ് നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്.
പ്രതിപക്ഷത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് ഹൈദരാബാദ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് വെങ്കയ്യ നായിഡു ഇന്നലെ ഡല്‍ഹിയില്‍ എത്തിയത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ബി.സുന്ദേര്ശന് റെഡ്ഡി, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യാപ്, മുന്‍ ലോക്സഭാ സെക്രട്ടറി, മുന്‍ നിയമ സെക്രട്ടറി പി.കെ മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിംഗ്, രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് ആണ് ഇംപീച്ച്മെന്റിന് നോട്ടീസുമായി മുന്നില്‍ നിന്നതെങ്കിലും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുന്‍ധനമന്ത്രി പി.ചിദംബരം, സുപ്രീം കോടതി അഭിഭാഷകന് കൂടിയായ അഭിഷേക് മനു സിംഗ്വി എന്നിവര്‍ നോട്ടീസില്‍ ഒപ്പുവച്ചിരുന്നില്ല.






