
തൃശ്ശൂര്‍ : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി ലിഗയുടെ സഹോദരി ഇലീസ് രംഗത്ത്. അശ്വതിയ്ക്കെതിരെ തനിക്ക് യാതൊരു പരാതിയുമില്ലെന്നും കേസുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇലീസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എതിരെ അശ്വതി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് അശ്വതിയ്ക്കെതിരെ തിരുവനന്തപുരം സ്വദേശി പരാതി നല്‍കിയത്. തനിക്കെതിരെ പരാതി നല്‍കിയിട്ടുള്ള കോവളം പനങ്ങോട് സ്വദേശി അനില്‍ കുമാര്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അശ്വതി പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അശ്വതി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങിലൂടെ ഒട്ടേറെപ്പേരാണ് അശ്വതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് ഡിജിപിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഈ തുക ലിഗയുടെ സഹോദരി ഇലീസിനോ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനോ നല്‍കാതെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെ, വാട്സ്ആപ്പില്‍ ലിഗയുടെ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചായിരുന്നു അശ്വതിയുടെ പണപ്പിരിവെന്നും മാധ്യമ ശ്രദ്ധ നേടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പണപ്പിരിവ് നടത്തുകയാണ് അശ്വതിയുടെ പതിവെന്നും ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന് രംഗത്തെത്തിയിരുന്നു. കോവളം പൂങ്കുളത്ത് അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി ജ്വാല അഡ്വാന്‍സ് കൊടുത്തതായാണ് താന്‍ അറിഞ്ഞതെന്നും ഇത് ഇത്തരത്തില്‍ പിരിവെടുത്ത പണം കൊണ്ടാണെന്നാണ് സംശയിക്കപ്പെടുന്നതെന്നും ധന്യ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.






