സ്നേഹത്തിലധിഷ്ഠിതിമായ ബന്ധങ്ങള്‍ക്കും മനുഷ്യത്വത്തിനും പേരുകേട്ടവരാണ് കേരളീയര്‍. സ്നേഹിച്ചാല്‍ കരളും പറിച്ചെടുത്ത് കൊടുക്കുമെന്ന ചൊല്ല് തന്നെ മലയാളികളെ സംബന്ധിച്ച് നിലവിലുണ്ടുതാനും. എന്നാല്‍ പുരോഗമനം നമ്മെ ആശ്ലേഷിക്കുമ്പോള്‍ സ്നേഹം വിദ്വേഷത്തിനും മനുഷ്യത്വം ക്രൂരതയ്ക്കും വഴിമാറുകയാണ്. ഈ അവസ്ഥയെ നിയന്ത്രിക്കുകയെന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയൂം ഉത്തമമായ കര്‍ത്തവ്യവും. അതിന് ഭരണകൂടത്തെ സഹായിക്കേണ്ടത് പോലീസുമാണ്. എന്നാല്‍ സമൂഹത്തില്‍ വെറുപ്പും മനുഷ്യത്വമില്ലായ്മയും വളര്‍ത്താന്‍ പോലീസ് തന്നെ നേതൃത്വം നല്കുന്നുവെന്നത് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷവുമാണ്.
സ്വാതന്ത്ര്യം നല്ലതാണ്, എന്നാല്‍ അത് പരമമാകുമ്പോള് അരാജകത്വമാകും. പരമമായ സ്വാതന്ത്ര്യം അത് രാജ്യം എന്ന സങ്കല്പ്പത്തിന് മാത്രമേ പാടുള്ളു. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങള്‍ നിയന്ത്രിതമായിരിക്കണം. എന്നാല്‍ ഇവിടെ പോലീസ് എന്ന സംവിധാനത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് രാജ്യത്തിന്റേതിനെക്കാളും എന്തോ സ്വാതന്ത്ര്യം കൂടുതലുണ്ടെന്ന സ്ഥിതിയാണ്. തങ്ങള്‍ക്ക് തോന്നുവന്നരെ കൊണ്ടുചെന്ന് ഇടിച്ചുകൊല്ലുക, യുവാക്കളെയും മറ്റും സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി നൃത്തം ചവിട്ടിച്ച് അത് വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ട് വിലസുക. മറ്റ് നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചിട്ട് ഹെല്മെറ്റിനെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന വാഹനപരിശോധനയുടെ പേരില്‍ ആരെയും യമപുരിക്ക് അയക്കുക, തുടങ്ങി, യു.പി, ബിഹാര്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും നടക്കാത്ത ക്രൂരതകള്‍ ചെയ്തുകൂട്ടുക. എന്നിട്ട് വിലസി നടക്കുക. ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തില്‍.
പിണറായി വിജയനെപ്പോലെ ശക്തനെന്ന് പ്രതിച്ഛായയുള്ള ഒരു വ്യക്തി കേരളം ഭരിക്കുമ്പോള്‍ ഒരിക്കലും ചിന്തിക്കാന്‍പോലും കഴിയാത്ത സംഭവങ്ങളാണ് ഇവിടെ ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ ചില പ്രസ്താവനകളും താക്കീതുകളുമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ലെന്നതാണ് ദുഃഖകരവും. പ്രസ്താവനകളെയും മുന്നറിയിപ്പുകളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് തങ്ങള്‍ എന്തും ചെയ്യുമെന്ന വെല്ലുവിളിയുമായാണ് പോലീസ് ദിനംപ്രതി മുന്നോട്ടുപോകുന്നത്.
കേരളത്തിന്റെ ഭരണചരിത്രത്തിലെ അട്ടിമറികള്‍ക്ക് ചെറുതല്ലാത്ത പങ്ക് പോലീസ് വഹിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. എന്നൊക്കെ പോലീസിനെ കയറൂരി വിട്ടിട്ടുണ്ടോ അന്നൊക്കെ അവര്‍ വരം തന്നവരെ തന്നെ ഇല്ലാതാക്കിയിട്ടുമുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണം കെ. കരുണാകരനാണ്. പോലീസിന് ഇത്രയേറെ സ്വാതന്ത്ര്യവും പോലീസിനോട് ഇത്രയേറെ താല്പര്യവും കാണിച്ച മറ്റൊരു ഭരണാധികാരി കേരളത്തില്‍ ഉണ്ടായിരുന്നുവോയെന്നത് സംശയമാണ്. എന്നാല്‍ എന്നും കരുണാകരന് വിനയായത് ആ പോലീസ് തന്നെയായിരുന്നു. നല്കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് അദ്ദേഹത്തെ എപ്പോഴും പ്രതിസന്ധിയിലാക്കിയ ചരിത്രമാണ് കേരള പോലീസിനുള്ളത്.
അതുപോലെയാണ് 2001ലെ ഏ.കെ. ആന്റണി സര്‍ക്കാരിന്റെ കഥയും. അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയത്. പാര്‍ട്ടിക്കുളളില്‍ അഭിപ്രായവ്യത്യാസമുണ്ടായെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. അതിന്റെ ഫലം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്ന വീരാന്‍കുട്ടിയെ അര്‍ദ്ധരാത്രി വീട്ടില്‍കയറി അറസ്റ്റുചെയ്യുക എന്നതില്‍ എത്തി. അതുമുതലാണ് ആന്റണി സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ആരംഭിച്ചുതും പീന്നീട് അത് നിലംപതിച്ചതും. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.
എന്നാല്‍ എപ്പോഴും ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ പോലീസിന്റെ നിയന്ത്രണം സി.പി.എമ്മിനായിരിക്കുകയാണ് പതിവ്. അതുകൊണ്ട് പാര്‍ട്ടിക്കാരുടെ ചില്ലറ ഇടപെടലുകള്‍ ഉണ്ടാകുമെന്നതൊഴിച്ചാല്‍ തന്നിഷ്ടംപോലെ പോലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇക്കുറി ആ പതിവൊക്കെ തെറ്റിയിരിക്കുകയാണ്. പോലീസ് ഇന്ന് പാര്‍ട്ടിയെക്കാള്‍ പൂര്‍ണ്ണമായും പിണറായിയുടെ നിയന്ത്രണത്തിലാണ്. പാര്‍ട്ടിക്ക് അതില്‍ ഒരു സ്വാധീനവുമില്ല. അതിന്റെ പരിഭവം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ചില സമയങ്ങളില്‍ പ്രകടിപ്പിക്കാറുമുണ്ട്. എന്നാലും പാര്‍ട്ടിയെ പോലീസ് ഭരണത്തില്‍ ഇടപെടുവിച്ചിട്ടില്ല.
എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിയന്ത്രണം പോലീസിനില്ലാതായി എന്നതാണ് സത്യം. പ്രത്യേകിച്ച് മുന്‍കാലങ്ങള്‍ക്ക് വിരുദ്ധമായി പോലീസിനുളളില്‍ ആര്.എസ്.സ് ശാഖ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇത് അപകടകരമാണ്. അസ്വസ്ഥതകള്‍ ഇളക്കിവിട്ട് അധികാരം പിടിച്ചെടുക്കുകയെന്നതാണ് ഫാസിസത്തിന്റെ അടിസ്ഥാനതത്വം. അത് ഏത് രീതിയിലുമാകാം വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലാകാം, ക്രമസമാധാനപ്രശ്നമായിട്ടാകാം, സാമ്പത്തികപ്രതിസന്ധിയായിട്ടാകാം അങ്ങനെ വിവിധ മേഖലകളില്‍ അസ്വസ്ഥതകള്‍ പടര്‍ത്തുകയെന്നതാണ് ഫാസിസത്തിന്റെ രീതി. അതിന്റെ പ്രണേതാക്കളുടെ സ്വാധീനംതന്നെ പോലീസില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഇപ്പോള്‍ അരങ്ങേറുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഒപ്പം പോലീസിനുളളില്‍ ക്രിമിനലുകളുടെ എണ്ണം പെരുകുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉയര്‍ത്തുന്ന ഭീഷണി ചില്ലറയൊന്നുമല്ല.
ഇത്തരം ഭീഷണികള്‍ ഉയരുമ്പോഴും നിസ്സംഗമായി നിലകൊള്ളുന്ന ഭരണസംവിധാനത്തിന്റെ പോക്ക് അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ്. ഏറ്റവും കൂടുതല്‍ അച്ചടക്കം വേണ്ട വിഭാഗമാണ് പോലീസും അതുപോലെയുള്ള യൂണിഫോംഡ് വിഭാഗങ്ങളും എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇന്ന് പോലീസ് മേധാവിയെപ്പോലും സാധാരണ പോലീസുകാരന് ബഹുമാനമില്ല. മേധാവിയെ ആക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിറ്റിട്ട് രസിക്കുന്ന പോലീസുകാര്‍ വര്‍ദ്ധിച്ചുവരികയാണ്.
പോലീസിന്റെ ഭാഗത്തുനിന്നും അഭിമാനാര്‍ഹമായ നേട്ടവുമാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചുകൊണ്ട് നല്ല പ്രതിച്ഛായയോടെയാണ് പോലീസ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് പോലീസിന്റെ കാര്യക്ഷമതയെ എല്ലാവരും വാഴ്ത്തി. അതിന് ശേഷം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പലേടത്തും അരങ്ങേറിയെങ്കിലൂം സ്വന്തം പാര്‍ട്ടിയെന്നോ വേണ്ടപ്പെട്ടവരെന്നോ നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നല്കിയ അനുമതികൊണ്ട് അതിലെയൊക്കെ പ്രതികളെ വേഗത്തില്‍ പിടികൂടാനും ആരോപണങ്ങളുടെ മുനയൊടിക്കാനും പോലീസിന് കഴിഞ്ഞിരുന്നു.
എന്നാല്‍ അതിന് ശേഷം നടന്ന സംഭവങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തില്‍ നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ഒരു ഭരണക്രമത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. വാഹനപരിശോധനയുടെ പേരില്‍, സദാചാര പോലീസുകാരോടൊപ്പം ചേര്‍ന്നുകൊണ്ട്, എന്തിനേറെ ഒരുനേരത്തെ അന്നത്തിനായി അല്‍പ്പഭക്ഷണം എടുത്തുവെന്നതിന്റെ പേരില്‍ പാവം വനത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന ഒരു ആദിവാസി യുവാവിനെ, മധുവിനെ നാട്ടുകൂട്ടം ചതച്ചുകൊന്നപ്പോള്‍ കാഴ്ചക്കാരായി നിന്നതിന്റെ പേരിലൊക്കെ പോലീസ് പ്രതിക്കൂട്ടിലാണ്. ഇത് പോലീസ് എന്ന കാക്കിധാരികളെ മാത്രമല്ല, ജനങ്ങള്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ച് ഭരണത്തിലേറ്റിയവരെപ്പോലും നാണംകെടുത്തുന്നതാണ്.
ഇതിന് പുറമെ നാട്ടിലെവിടെയും നടക്കുന്ന സദാചാരപോലീസ് അക്രമങ്ങളില്‍ പോലീസ് കാഴ്ചക്കാരാകുകയാണ്. ഒരാള്‍ മറ്റൊരാളെ പീഡിപ്പിക്കുന്നത് തടയാനും പീഡിപ്പിച്ചവനെതിരെ കേസെടുക്കുവാനും പോലീസിന് ചുമതലയുണ്ട്. ആ നിലക്ക് പോലീസ് ഒരാളെ പീഡിപ്പിച്ചാല്‍ ആര് നടപടിയെടുക്കും. പോലീസ് അതിക്രമങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ആരോപിക്കുകയാണ് പ്രതിപക്ഷം. പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവര്‍ പറയും. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആഭ്യന്തരവകുപ്പ് കൈയാളുള്ള മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിയുടെ പ്രവര്ത്തകന് പോലും രക്ഷയില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അടിപിടി കേസില്‍ കഴക്കൂട്ടം പോലീസ് പിടികൂടിയ കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിനടുത്തു താമസിക്കുന്ന രാജീവ് എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത് വാര്‍ത്തയായതും നാം കണ്ടതാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസിനുള്ള പുരസ്ക്കാരം നേടിയവരാണ് കേരളാപോലീസ്. വിദ്യാസമ്പന്നരും മനുഷ്യരുമായി ബന്ധമുള്ളവരുമാണ് പോലീസില്‍ അധികവും. പഴയ എട്ടണപോലീസിന്റെ കാലം കഴിഞ്ഞ് ഇന്ന് നല്ല വിദ്യാഭ്യാസമുള്ള നിരവധി യുവാക്കള്‍ പോലീസിലുണ്ട്. അവര്‍ നമ്മുടെ പോലീസിന്റെ മാന്യത പലേടത്തും വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പുഴുക്കുത്തുകള്‍ എന്ന നിലയില്‍ ഒരു ന്യൂനപക്ഷമാണ് പോലീസിന്റെ ഈ നല്ല പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നത്. എന്താണ് അവരുടെ ഉദ്ദേശം എന്ന് നമുക്ക് വ്യക്തമല്ല. അച്ചടക്കം പാലിക്കേണ്ട ഫോഴ്സില്‍ ചില നിക്ഷിപ്തതാല്പര്യക്കാര് കടന്നുകൂടി ആധിപത്യം സ്ഥാപിക്കുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ആ സാഹചര്യത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നാം വിലയിരുത്തേണ്ടതും. ഭരണത്തിന് നേതൃത്വം നല്കുന്നവരോടൊപ്പം തിരുത്തേണ്ടതും. ആ തിരുത്തല്‍ വരുത്തേണ്ടതും പോലീസിലെ തന്നെ നല്ലവരായ ഭൂരിപക്ഷമാണ്.
മുന്നറിയിപ്പിന്റേയൂം ഭീഷണിയുടേയും കാലം കഴിഞ്ഞു. തന്നിഷ്ടം കാണിക്കുന്നവരെ മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്തവരെ അവര്‍ ഇനി ആരായാലും കഴുത്തിന് പിടിച്ച് പുറത്തെറിയണം. ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടി വേണമെങ്കില്‍ അതിനെ നയിക്കാനും നല്ല മനസുള്ളവര്‍ വേണം.




