ഏക ഭാരതം ശ്രേഷ്‌ഠ ഭാരതം എന്ന ആശയത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ബൈശാഖി, റോംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയില ബോയ്‌ശാഖ്, വിഷു, തമിഴ് പുത്താണ്ട് വേളകളില്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും പരമ്പരാഗത പുതുവത്സരാശംസകള്‍ നേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ശുഭകരമായ അവസരം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ.
ചിത്തിരൈ മാസം കൃഷിക്കുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്ന കാലമാണ്. കര്‍ഷകര്‍ ഭൂമിയെ ഫലഭൂയിഷ്‌ഠമാക്കാനുള്ള ജോലികള്‍ ആരംഭിക്കുന്ന സമയം. കഠിനാധ്വാനം പുരോഗതിയിലേക്ക് നയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നമ്മുടെ പൂര്‍വികര്‍, അധ്വാനത്തിന്റെ ശുഭാരംഭത്തെ ആഘോമാക്കി മാറ്റി. രാജ്യമെമ്പാടും, സമാനമായ ആഘോഷങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, അവ ഇന്ത്യയുടെ ഐക്യത്തിന്റെയും സമാന സംസ്‌കാരത്തിന്റെയും ഉദാഹരണങ്ങളായി നിലകൊള്ളുന്നു.
ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബില്‍, ജനങ്ങള്‍ വിളവെടുപ്പ് ഉത്സവമായി ബൈശാഖി ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയില്‍, കേരളം വിഷു ആഘോഷിക്കുന്നു, വിഷു ദിനത്തില്‍ അതിരാവിലെ ശുഭകരമായ വസ്‌തുക്കള്‍ കണി കാണുന്നത് കേരളീയരുടെ പ്രധാന ആചാരമാണ്. അസമിലെ ജനങ്ങള്‍ ബിഹു ആഘോഷിക്കുന്നു, പശ്‌ചിമ ബംഗാളില്‍ പൊയ്‌ല ബോയ്‌ഷാഖ് ആവേശപൂര്‍വം കൊണ്ടാടുന്നു.
മണിപ്പുര്‍, ത്രിപുര, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ ജനങ്ങളും ഈ സവിശേഷ കാലഘട്ടത്തെ വൈവിധ്യമാര്‍ന്ന പരമ്പരാഗത രീതികളില്‍ പുതുവത്സരമായി ആഘോഷിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്‌തര്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നിര്‍വഹിക്കാന്‍ ഒത്തുകൂടുന്നു, ഇത് ഈ ശുഭവേളയുടെ പവിത്രത വിളിച്ചോതുന്നു.
തെലുങ്ക് സംസാരിക്കുന്ന ജനങ്ങള്‍ അവരുടെ പുതുവത്സരമായ ഉഗാദി അടുത്തിടെ ആഘോഷിക്കുകയുണ്ടായി, മറാത്തി, കൊങ്കണി സമൂഹങ്ങള്‍ അവരുടെ പുതുവത്സരം ഗുഡി പദ്‌വയായി ആഘോഷിക്കുന്നു.
നാമെല്ലാം ഒരു പുരാതന സംസ്‌കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് നമ്മുടെ പൂര്‍വികരുടെ ശാസ്‌ത്ര ജ്‌ഞാനം തെളിയിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ആഴമേറിയതും കൃത്യവുമായ ധാരണ നാം ഇന്നും ആചരിച്ചു വരുന്ന പുതുവത്സരാഘോഷങ്ങളില്‍ പ്രതിഫലിക്കുന്നു.
നമ്മുടെ പൂര്‍വികര്‍ സമയം കണക്കാക്കാന്‍ സൗര, ചാന്ദ്ര സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ആധുനിക ശാസ്‌ത്രം നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്രഹണം കണക്കാക്കുമ്പോള്‍, മുന്‍കാലങ്ങളിലും അത്തരം പ്രതിഭാസങ്ങള്‍ പഠിക്കുകയും കൃത്യമായി പ്രവചിക്കുകയും ചെയ്‌തിരുന്നു.
നമ്മുടെ പൂര്‍വികര്‍ കൈമാറിയ ജ്‌ഞാനം നമ്മുടെ പൈതൃകമാണ്. നാം അത് സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറുകയും വേണം. ക്ഷേത്രങ്ങളില്‍ പഞ്ചാംഗം വായിക്കുന്നത് ഈ പാരമ്പര്യത്തെ ആദരിക്കാനുള്ള ഒരു മാര്‍ഗമാണ്.
പ്രകൃതിയുടെ സമൃദ്ധിയോടുള്ള നമ്മുടെ പൂര്‍വികരുടെ ബഹുമാനത്തെ പുതുവത്സരത്തിന്റെ മറ്റൊരു മഹനീയ വശം പ്രതിഫലിപ്പിക്കുന്നു. വീടുകളില്‍, പഴങ്ങളും പൂക്കളും പോലുള്ള ശുഭകരമായ വസ്‌തുക്കള്‍ ഒരുക്കുകയും രാവിലെ കണി കാണുകയും ചെയ്യുന്നു.
വസന്തകാലം പ്രകൃതി സ്വയം നവീകരിക്കുന്ന കാലഘട്ടമാണ് മരങ്ങളും ചെടികളും അവയുടെ ഹരിതാഭ വീണ്ടെടുക്കുന്നു, പൂക്കള്‍ വിരിയുന്നു, പഴങ്ങള്‍ വിളയുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച തമിഴര്‍, 'കണി കനല്‍' എന്ന ആചാരത്തിലൂടെ ഈ സമൃദ്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് വര്‍ഷം ആരംഭിക്കുന്നത്.
അതുപോലെ, ഈ ദിവസം തയാറാക്കുന്ന പരമ്പരാഗത വിഭവത്തില്‍ കയ്‌പ് ഉള്‍പ്പെടെയുള്ള എല്ലാ രുചികളും ഉള്‍പ്പെടുന്നു. സന്തോഷവും ദുഃഖവും അടക്കമുള്ള എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ജീവിതമെന്നും, എല്ലാത്തിനെയും സന്തുലിതമായി സ്വീകരിക്കണമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.
രാജ്യത്തുടനീളമുള്ള ഈ ആഘോഷങ്ങളിലും, ഇന്ത്യന്‍ സമൂഹങ്ങള്‍ സ്‌ഥിരതാമസമാക്കിയ ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലും ഈ പൊതുബോധം നിലനില്‍ക്കുന്നു. ഈ ആഘോഷങ്ങള്‍ നമ്മുടെ സാംസ്‌കാരികത്തനിമയെയും വൈവിധ്യത്തെയും ഓര്‍മിപ്പിക്കുന്നതോടൊപ്പം രാഷ്‌ട്രത്തിന്റെ അടിസ്‌ഥാന ഐക്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. എക്കാലവും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന നമ്മുടെ പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്നു.
നമ്മുടെ പൂര്‍വികര്‍ തെളിച്ച പാത പിന്തുടര്‍ന്ന്, ഭാവാത്‌മക ചിന്തയോടെയും വിശ്വാസത്തോടെയും സമര്‍പണത്തോടെയും പുതുവത്സരം ആഘോഷിക്കാന്‍ ഞാന്‍ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാഷ്‌ട്ര പുരോഗതിക്ക് സംഭാവന നല്‍കാനുള്ള ദൃഢനിശ്‌ചയത്തോടെ നമുക്ക് നമ്മുടെ ഉദ്യമങ്ങള്‍ ആരംഭിക്കാം. നമ്മുടെ ഭാരതം സാംസ്‌ക്കാരിക ധാര്‍മികതയില്‍ ഒന്നായി നിലകൊള്ളുന്നു, ഒന്നായി തന്നെ തുടരുകയും ചെയ്യും. മുതിര്‍ന്നവരുടെ മാര്‍ഗദര്‍ശനത്താല്‍, ഏക ഭാരതം കെട്ടിപ്പടുക്കാന്‍ ആവേശപൂര്‍വം മുന്നേറുന്ന യുവതലമുറയ്‌ക്ക്, 2047 ആകുമ്പോഴേക്കും ശ്രേഷ്‌ഠ ഭാരതവും വികസിത ഭാരതവും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജയം വരിക്കാന്‍ കഴിയുമാറാകട്ടെ.
സി.പി. രാധാകൃഷ്‌ണന്‍
(ഉപരാഷ്‌ട്രപതി)




