
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പ്രധാന സവിശേഷത, ബി.ജെ.പി. ഉള്‍പ്പെടെ മുഖ്യ പാര്‍ട്ടികളില്‍ ഒന്നിലും ഒരു ബ്രാഹ്‌മണന്‍ പോലും സ്‌ഥാനാര്‍ഥി ആയില്ല എന്നതാണ്. കോണ്‍ഗ്രസില്‍നിന്ന് സി. രാജഗോപാലാചാരിയും എം. ഭക്‌തവത്സലവും അണ്ണാ ഡി.എം.കെയില്‍നിന്ന് ജയലളിതയും ബ്രാഹ്‌മണ മുഖ്യമന്ത്രിമാര്‍ ആയിരുന്നിടത്താണ് ദ്രാവിഡരാഷ്‌ട്രീയം ബ്രാഹ്‌മണ ഉന്മൂലനം സാധ്യമാക്കിയത്.
എന്നാല്‍, ചെറിയ പാര്‍ട്ടികള്‍ ഇത്തിരി കരുണ കാട്ടി. ജോസഫ് വിജയ്‌യുടെ ടി.വി.കെ. പട്ടികയില്‍ രണ്ടു ബ്രാഹ്‌മണര്‍. സീമാന്റെ നാം തമിളര്‍ കച്ചിയില്‍ ആറു പേര്‍. മൈലാപ്പൂരിലും ശ്രീരംഗവുമൊക്കെയാണ്, മണ്ഡലങ്ങള്‍.
എന്നാല്‍, ബി.ജെ.പി. ബ്രാഹ്‌മണരെ വേണ്ടെന്നു വച്ചതാണ്, ദുരൂഹം. സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തിയും വക്‌താവ് നാരായണന്‍ തിരുപ്പതിയും ബ്രാഹ്‌മണരാണ്. ഇവര്‍ മുന്‍കൈയെടുത്ത് വേണ്ടെന്നു വച്ചതാണോ എന്നറിയില്ല.
അണ്ണാ ഡി.എം.കെയില്‍ 35 വര്‍ഷത്തില്‍ ആദ്യമാണ് ഈ വെട്ടിനിരത്തല്‍. എം.ജി.ആറും ജയലളിതയും തീരെ ഒഴിവാക്കിയിരുന്നില്ല. എം.ജി.ആറിന്റെ ഭാര്യ മുന്‍ മുഖ്യമന്ത്രി വി.എന്‍. ജാനകിയുടെ അച്‌ഛന്‍ തമിഴ് ബ്രാഹ്‌മണന്‍ ആയിരുന്നു. അവരുടെ അച്‌ഛന്‍ പാലക്കാട്ടെ രാജഗോപാല അയ്യര്‍ പ്രമുഖ സംഗീതജ്‌ഞന്‍ പാപനാശം ശിവന്റെ സഹോദരന്‍ ആയിരുന്നു. ജാനകിയുടെ അമ്മ വൈക്കം സ്വദേശി നാരായണി അമ്മ നായര്‍ ആയിരുന്നു.
എം.ജി.ആറിന്റെ അച്‌ഛന്‍ പാലക്കാട് മരുതൂര്‍ ഗോപാല മേനോന്‍ ആയിരുന്നു എന്നതു കൂടി നോക്കിയാല്‍, അവിടെ രണ്ടു നായര്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായി.
തമിഴ് നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള പഴയ രാഷ്‌ട്രീയ നേതാവ് ഡോ.ടി.എം. നായര്‍ ആണ്, ബ്രാഹ്‌മണ വിരുദ്ധ ദ്രാവിഡ രാഷ്‌ട്രീയ പ്രസ്‌ഥാനമായ ജസ്‌റ്റിസ് പാര്‍ട്ടി സ്‌ഥാപിച്ചതും അബ്രാഹ്‌മണ മാനിഫെസ്‌റ്റോ പ്രസിദ്ധീകരിച്ചതും. ഇദ്ദേഹത്തിന്റെ കുടുംബക്കാരി തരവത്ത് അമ്മാളു അമ്മയാണ്, തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയ സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയ്‌ക്ക് പാലക്കാട്ട് അഭയം കൊടുത്തത്. തിരുവള്ളിക്കേനിയില്‍നിന്ന് 1904-1916ല്‍ മദ്രാസ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു, അദ്ദേഹം. 1912ല്‍ ലജിസ്‌ളേറ്റിവ് കൗണ്‍സില്‍ അംഗമായിരുന്നു. 1917ല്‍ കോണ്‍ഗ്രസ് വിട്ടു. 1919ല്‍ 51 വയസില്‍ ലണ്ടനില്‍ മരിച്ചു.
കോണ്‍ഗ്രസിന്റെ മലയാളിയായ ഏക ദേശീയ പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജീവിച്ചതും തമിഴ് നാട്ടിലാണ്.
ബ്രാഹ്‌മണവിരുദ്ധത ഡി.എം.കെയുടെ ഭാഗമാണെങ്കിലും, അതിന്റെ ഭരണഘടന എഴുതിയ വെങ്കട പട്ടാഭിരാമന്‍ ബ്രാഹ്‌മണനാണ്. ഇ.വി.കെ. സമ്പത്ത്, ഏറാ ചെഴിയന്‍ എന്നിവര്‍ക്കൊപ്പം 1955ല്‍ ആണ് എഴുതിയത്. ചിന്ന കുത്തൂശി എന്ന തൂലികാ നാമമുള്ള ആര്‍. ത്യാഗരാജന്‍ എന്ന ബ്രാഹ്‌മണന്‍ ഇ.വി.കെ. സമ്പത്തിന്റെ സെക്രട്ടറിയും ഡി.എം.കെ. വാരിക മുരശൊലിയില്‍ എഴുത്തുകാരനുമായിരുന്നു. എന്നാല്‍, ഒരു ബ്രാഹ്‌മണനും ഡി.എം.കെയില്‍ പടികള്‍ കയറിയില്ല.
രാജാജിയുടെ മകന്‍ നരസിംഹന്‍ സേലത്തു നിന്ന് രണ്ടു തവണ എം.പിയായി.
അബ്രാഹ്‌മണ മാനിഫെസ്‌റ്റോ
തമിഴ് നാട്ടില്‍ ബ്രാഹ്‌മണ വിരുദ്ധ രാഷ്‌ട്രീയം നന്നേ പഴക്കം ചെന്നതാണ്. 1916ല്‍ ജസ്‌റ്റിസ് പാര്‍ട്ടി ഇറക്കിയ അബ്രാഹ്‌മണ മാനിഫെസ്‌റ്റോയില്‍ ടി.എം. നായര്‍ക്ക് പുറമെ, ത്യാഗരായ ചെട്ടിയും സി. നടേശ മുതലിയാരും ഒപ്പിട്ടു. ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രമുള്ള ബ്രാഹ്‌മണര്‍ ഭരണത്തിലും കോടതിയിലും വിദ്യാഭ്യാസത്തിലും പിടിമുറുക്കിയതായി അതില്‍ ആരോപിച്ചു. സ്വയംഭരണം വന്നാല്‍ അത് ബ്രാഹ്‌മണ ഭരണമാകും എന്ന ഭയത്താല്‍ മാനിഫെസ്‌റ്റോ ബ്രിട്ടനെ അനുകൂലിച്ചു എന്നതായിരുന്നു, കുഴപ്പം.
1892-1904ല്‍ ഐ.സി.എസിലേക്ക് മദ്രാസ് പ്രസിഡന്‍സിയില്‍നിന്ന് തെരഞ്ഞെടുത്ത 16ല്‍ 15 പേരും ബ്രാഹ്‌മണര്‍ ആയിരുന്നെന്ന് എസ്. നാരായണന്‍ എഴുതിയ 'ദ് ദ്രാവിഡിയന്‍ ഇയേഴ്‌സ്' നിരീക്ഷിക്കുന്നു. 27 എന്‍ജിനിയര്‍മാരില്‍ 21 ബ്രാഹ്‌മണര്‍. ഇതിനു കാരണം, ബ്രാഹ്‌മണരുടെ ഇംഗ്ലീഷ് നൈപുണ്യം ആയിരുന്നു. അതുകൊണ്ടാണ്, ഹിറ്റ്‌ലര്‍ ഇന്ത്യ പിടിച്ചിരുന്നെങ്കില്‍ ബ്രാഹ്‌മണര്‍ ഉടന്‍ ജര്‍മന്‍ സംസാരിച്ചേനെ എന്ന് പറയുന്നത്!
1950കളില്‍ കോണ്‍ഗ്രസ് നേതൃത്വം ബ്രാഹ്‌മണര്‍ക്കായിരുന്നുവെന്ന് മാത്രമല്ല, ഗാന്ധിയുടെ മകന്‍ ദേവദാസ്, രാജാജിയുടെ മകള്‍ ലക്ഷ്‌മിയെ വിവാഹം ചെയ്യുകയും ഉണ്ടായി. 1954ല്‍ കാമരാജ് മന്ത്രിസഭയില്‍ ബ്രാഹ്‌മണനെ ഒഴിവാക്കിയതോടെ അസ്‌തമയം തുടങ്ങി. ഇന്ത്യയില്‍ ബ്രാഹ്‌മണന്‍ ഇല്ലാത്ത ആദ്യ മന്ത്രിസഭ. 1970കളില്‍ ഭരണ, പ്രതിപക്ഷങ്ങളില്‍ ബ്രാഹ്‌മണര്‍ അപ്രത്യക്ഷരായി. ജയലളിത വരുന്നതു വരെ അത് തുടര്‍ന്നു.
ജയലളിതയും ബ്രാഹ്‌മണരെ പ്രോത്സാഹിപ്പിച്ചില്ല. അവരുടെ തോഴി ശശികല തേവര്‍ സമുദായം ആയിരുന്നു. അതിനു ശേഷം ഗൗണ്ടര്‍മാര്‍ക്ക് പ്രാമുഖ്യം കിട്ടി. കൊങ്കു മേഖലയില്‍ ഒ.ബി.സി. ആയ ഗൗണ്ടര്‍മാരും തെക്ക് തേവര്‍മാരും അണിനിരന്നു. 2016ലെ ജയലളിത മന്ത്രിസഭയില്‍ എട്ട് ഗൗണ്ടര്‍മാരും ഏഴ് തേവര്‍മാരും ഭരിച്ചു. ജയ പോയി പനീര്‍സെല്‍വം വന്നതോടെ ബ്രാഹ്‌മണ നേതൃത്വം കടപുഴകി.
ഇന്ന് മുതലിയാര്‍മാര്‍ രംഗം കൈയടക്കുന്നു. പിണറായിക്ക് മൂന്നാമൂഴം ഉറപ്പില്ലെങ്കിലും, രണ്ടു സര്‍വേകളില്‍ സ്‌റ്റാലിന് രണ്ടാമൂഴം ഉറപ്പാണ്. ബ്രാഹ്‌മണര്‍ ഇല്ലാതെയും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇല്ലാതെയും ഭരണം മുന്നോട്ടു പോകും എന്നര്‍ത്ഥം. കോണ്‍ഗ്രസ് സഖ്യകക്ഷി ആണെങ്കിലും സ്‌റ്റാലിന്‍ അതിന്റെ എം.എല്‍.എമാര്‍ക്ക് മന്ത്രിസ്‌ഥാനം കൊടുക്കാറില്ല. ഒരു രാജ്യസഭാ സ്‌ഥാനം ഈയിടെ കൊടുത്തത് ഔദാര്യമായിരുന്നു. ആ സ്‌ഥാനം ഒരു പ്ര?ട്ടസ്‌റ്റന്റ് ക്രിസ്‌ത്യാനിക്ക് രാഹുല്‍ ഗാന്ധി സമ്മാനിച്ചു.
കമല്‍ ഹാസനെയും ഇതുപോലെ സ്‌റ്റാലിന്‍ കൈകാര്യം ചെയ്‌തു. അങ്ങേര്‍ക്ക് രാജ്യസഭാ സ്‌ഥാനം കൊടുത്തു. നിയമസഭയിലേക്ക് രണ്ടു സീറ്റ് തരാം, ഉദയസൂര്യന്‍ ചിഹ്‌നത്തില്‍ മത്സരിക്കണമെന്ന് സ്‌റ്റാലിന്‍ പറഞ്ഞപ്പോള്‍, കമല്‍ പിന്‍വാങ്ങി. കമലിന്റെ മക്കള്‍ നീതിമയ്യം 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ മത്സരിച്ച് പൂജ്യം സീറ്റും 3.72% വോട്ടും നേടി. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 142 സീറ്റില്‍ മത്സരിച്ച് പൂജ്യം സീറ്റും 2.62% വോട്ടും നേടി. കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ തോല്‍വിയോടെ ജനപിന്തുണ വ്യക്‌തമാക്കി.
ലോക് പോള്‍, പോള്‍ ട്രാക്കര്‍ സര്‍വേകളിലാണ് ഡി.എം.കെയുടെ തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. ആകെ സീറ്റ് 234. ലോക് പോള്‍ പ്രവചനം: ഡി.എം.കെ. 181-189. 40.19% വോട്ട്. അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യം 38-42. 29%. ടി.വി.കെ. 8-10. 23.9%.
പോള്‍ ട്രാക്കര്‍: ഡി.എം.കെ 172-178. 42.7%. അണ്ണാ ഡി.എം.കെ-ബി.ജെ.പി. 46-52. ടി.വി.കെ. 6-12. 19.2%.
താന്‍ മത്സരിക്കുന്നില്ലെന്ന് അണ്ണാമലൈ ബി.ജെ.പി. തമിഴ് നാട് ചുമതലയുള്ള പീയുഷ് ഗോയലിനെ നേരത്തേ അറിയിച്ചിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് താല്‍പര്യമുള്ള കോയമ്പത്തൂര്‍ അണ്ണാ ഡി.എം.കെ. വിട്ടു കൊടുത്തതുമില്ല.
സര്‍വേകളില്‍ കാണുന്നത് ജോസഫ് വിജയ് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ്. അവിടെയുള്ള ക്രിസ്‌ത്യന്‍ വോട്ടുകള്‍ വിജയും അദ്ദേഹത്തിന്റെ നേതാവും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകനുമായ ആദവ് അര്‍ജുനും കീശയിലാക്കും. പത്തിനടുത്ത് സീറ്റും 20% വോട്ടും മോശമല്ല. കമല്‍ ഹാസനെക്കാള്‍ എത്രയോ ഭേദം!
കമലിന്റെ ഗുരു പിണറായിയും വിജയന്റേത് പ്രശാന്ത് കിഷോറുമാണ്. അതാണ് വ്യത്യാസം.




