
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ നിര്‍ണായക മൊഴി പുറത്ത്. ലിഗയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ളവര്‍ പോലീസിനോട് വ്യക്തമാക്കി. ഇവരോട് സിഗരറ്റ് ചോദിച്ചെങ്കിലൂം തന്നില്ലെന്നും പിന്നീട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേട്ടില്ലെന്നും പോലീസ് കസ്റ്റഡിയില്‍ ഉള്ള രണ്ടുപേര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രാസപരിശോധന ഫലം വന്നതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മാര്‍ച്ച് 14-ന് ലിഗയെ കാണാതായ ദിവസം തന്നെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചതോ കാല്‍കൊണ്ടു ചവിട്ടിപ്പിടിച്ചതോ മരണകാരണമായെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍, മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍, മാനഭംഗം നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്.
ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസതടസമായിരിക്കും തലച്ചോറിലെ രക്തം കട്ടപിടിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാരുടെ നിഗമനം. ലിഗയും മറ്റു രണ്ടുപേരും സഞ്ചരിച്ചതെന്നു സംശയിക്കുന്ന ഫൈബര്‍ ബോട്ട് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
വിഷാദരോഗത്തിനു ചികിത്സയിലിരിക്കേ തിരുവനന്തപുരം പോത്തന്‍കോട് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ലിഗ, നേരേ കോവളത്തേക്കാണു പോയത്. അവിടെ ലിഗയുമായി സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ ബോട്ട് യാത്രയ്ക്കു പ്രേരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാകാമെന്നു പോലീസ് സംശയിക്കുന്നു.
വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ഉപദ്രവിക്കാന്‍ നടത്തിയ ശ്രമം ലിഗ ചെറുത്തതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന. ഫോറന്‍സിക് പരിശോധനയുടെ സൂചനപ്രകാരം അന്വേഷണം പുരോഗമിക്കുകയാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
ലിഗയെ ആളൊഴിഞ്ഞ തുരുത്തില് എത്തിച്ചതായി സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍, പുരുഷ ലൈംഗികത്തൊഴിലാളിയല്ല കൊലനടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നെന്നു പ്രദേശവാസിയായ തോണിക്കാരന് വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയതിന്റെ അടുത്തദിവസം മുതല്‍ പലരും ഒളിവില്‍പോയിട്ടുണ്ട്.






