ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച വിഷയം വീണ്ടും സജീവമാക്കി ജസ്റ്റിസ് ചെലമേശ്വര്‍. ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം സംബന്ധിച്ച് ഉടന്‍ കൊളീജിയം വിളിച്ചുചേര്‍ക്കണമെന്ന് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. കൊളീജിയം വിളിച്ചുചേര്‍ത്ത് ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.
കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനുള്ള കൊളീജിയം ശിപാര്‍ശ കഴിഞ്ഞ 26ന് കേന്ദ്രസര്‍ക്കാര്‍ തള്ളിയത് വന്‍ വിവാദമായിരുന്നു. സുപ്രീം കോടതി ജഡ്ജുമാരായി ഉയര്‍ത്തുന്നതിന് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരുടെ പേരുകളാണ് കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നത്. ഇന്ദു മല്‍ഹോത്രയുടെ പേര് അംഗീകരിച്ച കേന്ദ്രം കെ.എം ജോസഫിന്റെ പേര് മടക്കി. സുപ്രീം കോടതിയില്‍ നിലവില്‍ കേരളത്തിന് മതിയായ പ്രാധിനിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ശിപാര്‍ശ കേന്ദ്രം തള്ളിയത്.
എന്നാല്‍ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ജസ്റ്റിസ് കുര്യന് ജോസഫിനെതിരെ കേന്ദ്രം പകപോക്കല്‍ നടപടി സ്വീകരിക്കുകയാമെന്നാണ് ആരോപണം ഉയര്‍ന്നത്. കേന്ദ്രത്തെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കിയ വിഷയമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ കത്തിലൂടെ വീണ്ടും സജീവമാകുന്നത്. ജസ്റ്റിസ് കെ.എം ജോസഫിന്റേയും ഇന്ദു മല്‍ഹോത്രയുടേയും പേരുകള്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്. വിഷയത്തില്‍ മൂന്ന് മാസം തീരുമാനം വൈകിപ്പിച്ച കേന്ദ്രം ഒടുവില്‍ കെ.എം ജോസഫിന്റെ പേര് തള്ളുകയായിരുന്നു.






