
കൊച്ചി: ഭീഷണി പെടുത്തല്‍ കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്റെ മറുപടി. ചാനലിന്റെ തന്നെ ഒരു പരിപാടിയിലൂടെയായിരുന്നു ഷാനിയുടെ മറുപടി.
വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം. അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക് എന്നായിരുന്നു ഷാനി പ്രഭാകരന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ നുണ പ്രചരണങ്ങളും അര്‍ദ്ധ സത്യങ്ങളുടെയും പുറകിലെ അജണ്ടകളും വസ്തുതകള്‍ നിരത്തിയായിരുന്നു ഷാനിയുടെ പരിപാടി.
പ്രധാനമന്ത്രിയുടെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാനിയ്ക്കു നേരെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാസുരേന്ദ്രന് ഭീഷണി ഉയര്‍ത്തിയത്.
ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോഡിയുടെ പ്രസംഗം. ശഹീദായ ശേഷം ഭഗത് സിംഗിനെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന ന്യായവാദമാണ് ശോഭാ സുരേന്ദ്രന് ചര്‍ച്ചയില്‍ പറഞ്ഞത്. ഇതിനിടെ ഇത് ചെറിയ കളിയല്ലെന്നും ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന് പറയുന്നുണ്ടായിരുന്നു.






