
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 31-ാം പ്രതി ഗുഡു എന്ന മെഹബൂബ് മാലിക് കൊല്ലപ്പെട്ടതു പോലീസിന്റെ വെടിയേറ്റ്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2016 ഒക്ടോബര്‍ 31നു രാത്രിയിലായിരുന്നു സംഭവം. ബിജ്നോര്‍, അഹമ്മദാബാദ് സ്ഫോടനക്കേസുകളിലും പ്രതിയായിരുന്ന മെഹബൂബ് സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
സ്ഫോടനം, കൊലപാതകം, ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ 17 കേസുകളാണ് ഉണ്ടായിരുന്നത്. 2009 ല്‍ മധ്യപ്രദേശിലെ ജബല്പൂരില് സീതാറാം യാദവ് എന്ന പോലീസുകാരനെ വെടിവെച്ചുകൊന്ന കേസ്, തെലങ്കാനയിലെ കരീംനഗറിലെ ബാങ്ക് കൊള്ള, ചെെന്നെ റെയില്‍വേ സ്റ്റേഷനില്‍ ബംഗളുരു-ഗോഹട്ടി എക്സ്പ്രസ് ട്രെയിനിലെ സ്ഫോടനം, പുനയിലെ വിശ്രംബാഗ്, ഫറസ്ഖാന പോലീസ് സ്റ്റേഷനുകളിലെ സ്ഫോടനം തുടങ്ങിയവ കേസുകളുടെ പട്ടികയിലുണ്ടായിരുന്നു.
വാഗമണ്‍ ക്യാമ്പുമായി ബന്ധപ്പെട്ട കേരളത്തിലെ തെളിവെടുപ്പിനുശേഷം 2013 ല്‍ ജയില്‍ ചാടിയിരുന്നു. തെലങ്കാനയില്നിന്നാണു പിന്നീട് ഇയാളെ പിടികൂടിയത്. വാഗമണില്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ നാലു മലയാളികളടക്കം 18 പേര് കുറ്റക്കാര്‍. ശിക്ഷ കൊച്ചി എന്‍.ഐ.എ. കോടതി ഇന്നു പ്രഖ്യാപിക്കും. 17 പ്രതികളെ വെറുതേവിട്ടു.
വാഗമണില്‍ സിമി ക്യാമ്പ് നടന്ന വിവരം ആദ്യം പുറത്തുവിട്ടതു മംഗളം പത്രമാണ്. അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി പോലും ഈ വിവരം നിഷേധിച്ചിരുന്നു. വാര്‍ത്ത ശരിയാണെന്നു കേരളാ പോലീസ് പിന്നീടാണു സ്ഥിരീകരിച്ചത്. ഒന്നര വര്‍ഷത്തിനു ശേഷം ജമ്മു-കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ െസെന്യം വെടിവച്ചു കൊലപ്പെടുത്തിയ ഭീകരരില്‍ മലയാളികളുമുണ്ടായിരുന്നു. അവര്‍ പരിശീലനം നേടിയതു വാഗമണ്‍ ക്യാമ്പിലായിരുന്നെന്നും പിന്നീടു തെളിഞ്ഞു.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ വെടിവയ്പും ബോംബ് നിര്‍മാണവും കുന്നിന്‍പ്രദേശങ്ങളില്‍ െബെക്ക് ഓടിക്കലും പരിശീലിച്ചെന്നാണു കേസ്. യു.എ.പി.എ. നിയമപ്രകാരമുള്ള നിരോധിത സംഘടനയില്‍ അംഗമായി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഭീകര സംഘടനയില്‍ അംഗമായി തുടര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റവും തെളിഞ്ഞു. എന്നാല്‍ രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍ എന്നിവയും ആയുധനിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാനായില്ല.
അബ്ദുല്‍ സത്താര്‍, മുഹമ്മദ് ആസിഫ് എന്നിവരെ മാത്രമാണു കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ വിചാരണയ്ക്കു നേരിട്ടു ഹാജരാക്കിയിത്. ശിക്ഷിക്കപ്പെട്ട മറ്റുള്ളവരില്‍ 11 പേര് ഭോപ്പാല്‍ ജയിലിലും 21 പേര് അഹമ്മദാബാദ് ജയിലിലും ഒരാള്‍ ബംഗളുരു ജയിലിലുമാണ്. 31-ാം പ്രതി മെഹബൂബ് മാലിക് ഇന്‍ഡോറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു വിട്ടു. 2009 ഡിസംബര്‍ 24ന് എന്‍.ഐ.എ. ഏറ്റെടുത്തു. കേരളത്തില്‍ എന്‍.ഐ.എ. അന്വേഷിച്ചവയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടത്തിയ ആദ്യ കേസാണ് ഇത്. വിട്ടയയ്ക്കപ്പെട്ടവരില്‍ 13-ാം പ്രതി മുഹമ്മദ് ആസിഫിനു മാത്രമേ ഇപ്പോള്‍ ജയില്‍ മോചനമാകൂ. മറ്റുള്ളവര്‍ക്കെതിരേ വേറേ കേസുകളുണ്ട്.






