
ബംഗലൂരു: കര്‍ണാടകയില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ജനതാദള്‍ സെക്യൂലറിന് (ജെ.ഡി.എസ്) മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പിയെ കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തുന്നത് തടയാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയ കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.എസിന് നിരുപാധിക പിന്തുണ നല്‍കും. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരവും ജെ.ഡി.എസിനായിരിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരമൊരു ചര്‍ച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ നടത്തിവരുന്നുണ്ടെന്നും സൂചനയുണ്ട്. ഗുലാം നബി ആസാദ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വോട്ടെടുപ്പിനു പിന്നലെ സിംഗപ്പൂരിലേക്ക് പോയ കുമാരസ്വാമി നിലവില്‍ അജ്ഞാത കേന്ദ്രത്തിലാണ്.
ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പുറമേ നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ച് സര്‍ക്കാരില്‍ പങ്കാളിയായേക്കും. ബി.ജെ.പി അധികാരത്തിലെത്തുന്നത് എങ്ങനെയും തടയണമെന്നാണ് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കര്‍ണാടക നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കുമാരസ്വാമിക്ക് ബി.ജെ.പിയോടാണ് താല്പര്യമെങ്കിലും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വച്ചുനീട്ടുമ്പോള്‍ കുമാരസ്വാമി വഴങ്ങുമെന്നാണ് പ്രതീക്ഷ. ഗോവയിലും മറ്റും കൈവിട്ടുപോയ അധികാരം ഇവിടെ സംഭവിക്കരുതെന്ന ദൃഢനിശ്ചയം കോണ്‍ഗ്രസിനുണ്ട്.
ഇതുവരെയുള്ള ഫലമനുസരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി 106 സീറ്റിലേക്ക് ലീഡ് ചുരുക്കി. ഇതാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയത്. കോണ്‍ഗ്രസ് 74ലും ജെ.ഡി.എസ് 39 സീറ്റിലുമാണ്. ബി.എസ്.പിക്ക് ഒരു സീറ്റുണ്ട്. കക്ഷി രഹിതര്‍ രണ്ട് സീറ്റുകളിലും മുന്നിലാണ്.
ചുരുക്കത്തില്‍ കര്‍ണാടകയിലെ കിംഗ് മേക്കര്‍ ആകുമെന്ന് എല്ലാവരും കരുതിയിരുന്ന കുമാരസ്വാമി കിംഗ് ആകുന്ന സൂചനയാണ് പുറത്തുവരുന്നത്.കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിക്കുന്നതായി ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കി. ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.






