ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ഭിന്നതകളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടാണ് ഭിന്നത നിലനില്‍ക്കുന്നതെന്നും കുമാരസ്വാമി വെളിപ്പെടുത്തി. ഭിന്നതകളുണ്ടെന്ന് കുമാരസ്വാമി തുറന്നു സമ്മതിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വീഴില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പ് വിഭജനം പൂര്‍ത്തിയായിട്ടില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന് കരുതണ്ട-കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ ആത്മാഭിമാനം പണയം വച്ച് പദവിയില്‍ കടിച്ചു തുങ്ങില്ലെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് മുന്നണിയില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി ചെറിയ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്.
മന്ത്രിസഭാ വികസനവും വകുപ്പ് വീതം വയ്പ്പും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍ പോയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയാല്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് 12 മന്ത്രിസ്ഥാനവുമാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് നല്കി. ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ് ലഭിച്ചിരിക്കുന്നത്.






