
ചെങ്ങന്നുര്‍: വോട്ടു മറിക്കലും മറ്റും കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപിച്ച ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ലീഡ് 8000 കടന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളില്‍ കാര്യമായ തരംഗമുണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ലീഡ് 8223 ആയി. അഞ്ചിടങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നിലെത്തിയിരിക്കുന്നത്.
വോട്ടെണ്ണല്‍ ഏഴാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. വോട്ടെണ്ണല്‍ നടക്കുന്ന മുളക്കുഴയിലും സജി ചെറിയാനാണ് മുന്നേറ്റം. പരമ്പരാഗത ബിജെപി മേഖലയായ തിരുവന്‍വണ്ടൂരിലും കോണ്‍ഗ്രസിനെ സ്ഥിരമായി സഹായിച്ചുകൊണ്ടിരുന്ന നഗരസഭയും എല്‍ഡിഎഫിനൊപ്പം നിന്നു.
വോട്ടെണ്ണല്‍ ഏഴു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 28125 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് കൊയ്തെടുത്തത്. 21,122 വോട്ടുകള്‍ ഡി വിജയകുമാര്‍ നേടിയപ്പോള്‍ ബിജെപിയുടെ ശ്രീധരന്‍പിള്ളയ്ക്ക് 15688 വോട്ടുകളാണ് കിട്ടിയത്. തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടു മറിക്കലാണ് നടന്നതെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ആരോപിച്ചു. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു കൊടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് പോള്‍ ചെയ്തതായി ബിജെപിയും ആരോപിച്ചു.
കേരളാകോണ്‍ഗ്രസിന്റെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. വന്‍ ലീഡ് നേടാന്‍ കഴിഞ്ഞത് ഇടതു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ പ്രവര്‍ത്തനം മൂലമാണെന്നും പറഞ്ഞു.






