ന്യൂഡല്‍ഹി: മോഡി തരംഗം മങ്ങുകയും ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ തിരിച്ചടി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയയും ബി.ജെ.പി രംഗത്തിറക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു നേതാക്കളേയും മത്സരിപ്പിച്ചേക്കും.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മോഡിയും അമിത് ഷായും അദ്വാനിയെ വസതിയില്‍ എത്തി കണ്ടതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡി-അമിത് ഷാ അച്ചുതണ്ട് ബി.ജെ.പിയില്‍ പിടിമുറുക്കിയതോടെ മുതിര്‍ന്ന നേതാക്കളായ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ലോക്സഭാംഗങ്ങളായിട്ടും ഇരുവര്‍ക്കും യാതൊരു പദവികളും നല്‍കിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി മാര്‍ഗദര്‍ശക് മണ്ഡല് രൂപീകരിച്ച് ഇരുവരേയും അതില്‍ അംഗങ്ങളാക്കിയെങ്കിലും ഇതുവരെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.
പ്രതിപക്ഷ ഐക്യം ശക്തമാകുകയും എന്‍.ഡി.എ ഘടകകക്ഷികളില്‍ അതൃപ്തി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിക്കൊണ്ടുള്ള നീക്കം. വിജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാണ് പ്രധാന നേതാക്കളെ തിരിച്ചു കൊണ്ടുവരുന്നത്.






